വടക്കൻ പറവൂരിൽ സതിശന് പറ്റിയ എതിരാളിയില്ലാതെ എൽഡിഎഫ്: കാൽ നൂറ്റാണ്ടായി തോറ്റ് ക്ഷീണിച്ച സി പി ഐ സീറ്റ് സി പി എമ്മുമായി വച്ചു മാറാനും നീക്കം: ഓരോ തവണും ലീഡ് നില ഉയർത്തുന്ന സതീശനെ തറപറ്റിക്കാനുള്ള പുതിയ തന്ത്രം മെനയുകയാണ് എൽ ഡി എഫ്.

Spread the love

കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വടക്കൻ പറവൂരില്‍ ആരെ മല്‍സരിപ്പിക്കണമെന്നോർത്ത് തല പുകയ്ക്കുകയാണ് എറണാകുളത്തെ ഇടതു മുന്നണി.
സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും നിലവില്‍ അതിന് സാധ്യതയില്ല. കാല്‍നൂറ്റാണ്ടായി മണ്ഡലത്തില്‍ തോറ്റ് ക്ഷീണിക്കുന്ന സിപിഐ ഇക്കുറി ജില്ലയ്ക്ക് പുറത്തു നിന്ന് സതീശ് എതിരാളിയെ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

video
play-sharp-fill

പാലിയം സമരം മുതല്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഏടില്‍ ഇടതുപക്ഷത്തിന്റെ വേരുറപ്പുള്ള മണ്ണാണ് വടക്കൻ പറവൂർ. എന്നാലിന്നത് ഒരു സിപിഐ മണ്ഡലമല്ല. എഴുപതുകളില്‍ വിജയിച്ചിട്ടുണ്ടെങ്കിലും അതൊരു കോണ്‍ഗ്രസ് മണ്ഡലവുമായിരുന്നില്ല. പക്ഷേ കഴിഞ്ഞ 25 വർഷമായി അതൊരു വി ഡി സതീശൻ മണ്ഡലമാണ്.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഭൂരിപക്ഷം കുത്തനെ ഉയർത്തിയാണ് വടക്കൻ പറവൂരിനെ വി ഡി സതീശൻ ഉറപ്പിച്ച്‌ നിർത്തുന്നത്. സംസ്ഥാനത്തെ ഏത് യുഡിഎഫ് വിരുദ്ധ തരംഗത്തിലും, സിപിഐ സ്ഥാനാർത്ഥികളായി വമ്പന്മാരടക്കം എത്തിയിട്ടും സതീശന് മുന്നില്‍ അടിപതറി.1996 ല്‍ കന്നി മത്സരത്തില്‍ മരട് നെട്ടൂരില്‍ നിന്നെത്തി നേരിയ വോട്ടുകള്‍ക്ക് തോറ്റ് പോയ ആ മുപ്പത്തിയൊന്ന് വയസ്സുകാരൻ അവിടെ നിന്ന് ഇങ്ങോട്ട് മണ്ഡലം പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006ലെ വി എസ് അനുകൂല കാറ്റിലും, 2011ല്‍ പന്ന്യൻ രവീന്ദ്രൻ എതിരാളിയായപ്പോഴും, വടക്കേക്കര മണ്ഡലം ഇല്ലാതായി കൂടുതല്‍ ഇടത് മേഖലകള്‍ പറവൂരിലെത്തിയപ്പോഴും, ക്ഷേത്ര സ്വത്ത് വിവാദത്തില്‍ സതീശനെ തോല്‍പിക്കാൻ കച്ചക്കെട്ടി വെള്ളാപ്പള്ളി നടേശൻ പറവൂരിലെത്തിയ 2016ലും സതീശൻ വോട്ടുകള്‍ കുലുങ്ങിയില്ല.

2001ലെ കന്നി ജയത്തില്‍ നേടിയ 7434 വോട്ട് ഭൂരിപക്ഷം 2021ല്‍ 21,301 വോട്ടുകളാക്കിയപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലും സതീശന്റെ ഗ്രാഫ് കുത്തനെ ഉയരത്തിലായി.അന്ന് ജയിച്ചാല്‍ മന്ത്രിയാകുമോ എന്നാണ് ചോദ്യമെങ്കില്‍ ഇന്നത് മുഖ്യമന്ത്രി ആകുമോ എന്നാണ്.

സിപിഐക്ക് തുടർച്ചയായ പരാജയങ്ങള്‍
തുടർച്ചയായ പരാജയങ്ങളില്‍ സിപിഐക്ക് മനം മടുത്തു. സിപിഎമ്മുമായി വെച്ച്‌ മാറി ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് ഉള്ളിലുണ്ട്. എന്നാല്‍ നായർ ലത്തീൻ ഭൂരിപക്ഷത്തില്‍ ഒരു പറവൂർ ഫോർമുല ഒത്തുവരണം. ഇക്കുറി അത് മാത്രം പോരാ വി ഡി സതീശന് പോന്ന എതിരാളിയാകണം. സിപിഎം നേതാവ് മുൻ കൗണ്‍സിലർ കെ ജെ ഷൈനിന്റെ പേരാണ് മണ്ഡലത്തില്‍ ഒരു വേള ഉയർന്ന് കേട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോണ്‍ഗ്രസിനെതിരായ സമരങ്ങളില്‍ മണ്ഡലത്തില്‍ സജീവമായിരുന്നു ഷൈൻ.എന്നാല്‍ ജില്ല സംസ്ഥാന നേതൃനിരയില്‍ കെ ജെ ഷൈനിനായി ഒറ്റ അഭിപ്രായമില്ല.

പറവൂർ സ്വദേശിയായിട്ടും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കെ ജെ ഷൈനിന് കഴിഞ്ഞിരുന്നില്ല. ജില്ലയില്‍ പെരുന്പാവൂരിലടക്കം ഘടകകക്ഷികളുമായി സീറ്റ് വെച്ച്‌ മാറാനുള്ള സാധ്യത സിപിഎം പരിശോധിച്ച്‌ തുടങ്ങിയെങ്കിലും വടക്കൻ പറവൂർ ആദ്യപരിഗണനയില്ലില്ല.ഇതോടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ആദ്യഘട്ട ചർച്ചകളിലേക്ക് സിപിഐ കടന്നു. പറവൂരില്‍ തർക്കങ്ങള്‍ പാരമ്യതിയിലെത്തിയ വർഷമായതിനാല്‍ സ്ഥാനാർത്ഥിയെ കണ്ടെത്തുക ഒട്ടും എളുപ്പമല്ല സിപിഐക്ക്.തൃശൂരില്‍ നിന്ന് വി.എസ്.സുനില്‍കുമാർ പറവൂരിലെത്തുമെന്ന പ്രചരണങ്ങള്‍ ജില്ലാ നേതൃത്വം സമ്മതിക്കുന്നുമില്ല.

എട്ടില്‍ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫ്
മണ്ഡലത്തിലെ എട്ടില്‍ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫിനാണ് ഭരണം. പറവൂരില്‍ സതീശനുണ്ടാക്കിയെടുത്ത വ്യത്യസ്തമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് ഭൂരിപക്ഷമുയർത്തിയുള്ള മുന്നേറ്റത്തിന് പിന്നില്‍. മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും പാർട്ടി മാനേജർമാരുമുണ്ട്. വോട്ടർ പട്ടിക മുതല്‍ സ്ക്വാഡ് പ്രവർത്തനങ്ങളില്‍ വരെ ഈ പ്രൊഫഷണല്‍ ശൈലിയാണ് വിജയരഹസ്യത്തില്‍ പ്രധാനം.

എന്നാല്‍ പുനർജനി ഫണ്ടിലെ വിജിലൻസ് കേസടക്കം ഉയർത്തി ആക്രമണ ശൈലിയില്‍ പ്രചാരണമാണ് എല്‍ഡിഎഫിന്റെ മനസ്സില്‍.
നേർക്ക് നേർ പോന്ന സ്ഥാനാർത്ഥിയെ കണ്ടെത്തിയില്ലെങ്കില്‍ പ്രതിപക്ഷത്തിനെതിരെ ഉയർത്തുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മൂർച്ച കുറവെന്ന പഴി കൂടി ഇടതുമുന്നണിക്ക് കേള്‍ക്കേണ്ടി വരും. അവസാനവട്ട ചർച്ചകളില്‍ സിപിഎം സീറ്റ് ഏറ്റെടുത്ത് സർപ്രൈസ് സ്ഥാനാർത്ഥിക്കായി വഴിയൊരുക്കുമോ എന്നതും ഈ ഘട്ടത്തില്‍ ആകാംക്ഷയാണ്.