വടക്കൻ കുട്ടനാട്ടിൽ കൊയ്ത്ത് ആരംഭിക്കുന്നു: സംഭരണം വൈകുമെന്നതിനാൽ നെല്ല് സംരക്ഷിക്കുന്നതിന് കളമൊരുക്കൽ തുടങ്ങി: മഴ പെയ്താൽ സ്ഥിതിയാകെ മാറും

Spread the love

കുമരകം: കൊയ്ത്ത് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ നെല്ല് സംഭരണത്തിന് തയ്യാറാകാതെ മില്ലുകള്‍ കാത്തിരിക്കേണ്ടിവരുന്നതോടെ കർഷകർ തന്നെ കളം തയാറാക്കല്‍ തുടങ്ങി.
കൃഷി വകുപ്പിന്റെ നിർദേശപ്രകാരം നെല്ല് ഉണങ്ങി പതിര് കളഞ്ഞു സൂക്ഷിക്കണമെന്നതിനാല്‍ പാടശേഖരങ്ങളിലാകെ കളം ഒരുക്കല്‍ ജോലികള്‍ പുരോഗമിക്കുന്നു.

video
play-sharp-fill

കുമരകം ചേലക്കാപ്പള്ളി പാടശേഖരത്തിലെ കർഷകർ മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാൻ പുറംബണ്ടില്‍ കളം നിർമ്മിക്കുന്നതും ചുറ്റും ചാല്‍ എടുത്ത് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുന്നതും പൂർത്തിയാക്കുകയാണ്. ഏതാനും ദിവസത്തിനകം കൊയ്ത്ത് തുടങ്ങുന്നതിനാല്‍ ഒരുക്കങ്ങള്‍ അതിവേഗം തുടരുന്നു.

യന്ത്രം ഉപയോഗിച്ച്‌ കൊയ്യുന്ന നെല്ല് കളത്തില്‍ ഇട്ട് ഉണങ്ങിയതിന് ശേഷം മുകളിലായി താല്‍ക്കാലിക ഷെഡ് പണിയുന്നതിനാണ് പദ്ധതിയെന്ന് കർഷകർ പറഞ്ഞു. പാടത്ത് തന്നെ നെല്ല് കൂട്ടിയിട്ട് മൂടിവയ്ക്കുന്നത് അപകടകരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മഴ പെയ്താല്‍ വിളവ് നശിക്കുമെന്ന് ആശങ്കയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സപ്ലൈകോ വിരിപ്പുകൃഷിയുടെ നെല്ല് സംഭരണത്തിനായി ഇതുവരെ മില്ലുകാരെ നിയോഗിച്ചിട്ടില്ല. മില്ലുകാരും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നതിനാല്‍ നെല്ല് സംഭരണം എപ്പോഴാരംഭിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു.

പണ്ടുകാലത്ത് നാട്ടിലെ നെല്ല് പുഴുക്കുകാർ സംഭരണം ചെയ്തിരുന്നെങ്കിലും 2005ല്‍ സപ്ലൈകോയുടെ നേതൃത്വത്തിലുള്ള പുതിയ നെല്ല് സംഭരണ സംവിധാനം വന്നതോടെ ആ രീതി നിലച്ചുപോയി.

സർക്കാർ മില്ലുകാരുമായി ചർച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ നെല്ല് സംഭരണം സാധ്യമാവൂ. അതുവരെ കളത്തിലോ മറ്റേതെങ്കിലും സുരക്ഷിത സ്ഥലത്തോ നെല്ല് സൂക്ഷിച്ചുകൊണ്ടു പോകാതെ മാർഗമില്ലെന്നാണ് കർഷകരുടെ പ്രതികരണം.