play-sharp-fill
മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുത്; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുത്; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

സ്വന്തംലേഖകൻ

കോട്ടയം : മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.


കൊടുംചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ മധ്യവേനലവധിക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ തീരുമാനിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യതാപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 364 പേര്‍ക്കാണ് സൂര്യാതപത്തില്‍ പൊള്ളലേറ്റത്. 7 പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. 188 പേര്‍ക്ക് ഉയര്‍ന്ന താപം മൂലം ശരീരത്തില്‍ ചുവന്ന പാടുകള്‍ വന്നു. പാലക്കാട് ജില്ലയില്‍ 41 ഡ്രിഗ്രിയില്‍ നിന്ന് 38 ഡിഗ്രിയിലേക്ക് താഴ്ന്നു. പക്ഷെ ഈര്‍പ്പം ഉള്ളതിനാല്‍ ചൂട് കൂടുതല്‍ അനുഭവപ്പെടും.

കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക പ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിപ്പ് നല്‍കി.