
നേമം മണ്ഡലത്തിൽ എൽഡിഎഫ് തന്നെ വിജയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം ഇല്ല. തീരുമാനം എടുത്താൽ നടപ്പിലാക്കുന്ന സർക്കാർ ആണെന്ന് ജനം മനസിലാക്കിയെന്ന് വി ശിവൻകുട്ടി പറഞ്ഞു. സാധാരണക്കാർക്ക് സമീപിക്കാൻ കഴിയുന്ന സർക്കാരാണ് ഇടതുപക്ഷമെന്ന് ജനം തിരിച്ചറിഞ്ഞു. ഇക്കാരണളാൽ നേമത്ത് ഇടതു മുന്നണി വിജയിക്കും. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫിനും ബിജെപിക്കും ഭയം ആയിരുന്നുവെന്നും യുഡിഎഫിനെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. വികസനത്തെ പറ്റി സംവാദം നടത്താൻ വെല്ലുവിളിച്ചിട്ടും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ സംവാദത്തിൽ നിന്നും ഒളിച്ചോടിയതാണ്. സംവാദത്തിന്റെ ചിലവ് മുഴുവൻ ഞാൻ വഹിക്കാമെന്ന് പറഞ്ഞതാണ്. മൂന്നു തവണ സമയവും സ്ഥലവും നിശ്ചയിച്ചു. എന്നിട്ടും രാജീവ് ചന്ദ്രശേഖർ ഒളിച്ചോടിയെന്ന് വി ശിവൻകുട്ടി പറഞ്ഞു. വിവി രാജേഷിന്റെ സംവാദ വെല്ലുവിളിയിലും അദ്ദേഹം പ്രതികരിച്ചു. വിവി രാജേഷ് എവിടെ നിൽക്കുന്നു താൻ എവിടെ നിൽക്കുന്നു. എത്രയോ വർഷം മുൻപ് മേയർ ആയ ആളാണ്. പ്രത്യേക സാഹചര്യത്തിൽ അധികാരത്തിൽ വന്ന ആളാണ് വിവി രാജേഷ്. അങ്ങനെയുള്ള ആൾ 40 വർഷം മുൻപ് മേയർ ആയിരുന്ന എന്നെ വെല്ലു വിളിക്കുന്നത് ശരിയാണോയെന്ന് വി ശിവൻകുട്ടി ചോദിച്ചു.


