video
play-sharp-fill

Friday, July 25, 2025

‘കളിക്കാനും, പത്രം വായിക്കാനും പോലും കുട്ടികൾക്ക് സമയം ലഭിക്കുന്നില്ല’; കുട്ടികളെ ട്യൂഷൻ വിട്ടാൽ മാത്രമേ ശരിയാകുമെന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നം’; കേരളത്തിൽ ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ട്യൂഷൻ സെൻററുകൾ ഒഴിവാക്കുന്നതെന്ന് പരിഗണിക്കുന്നതെന്നും കളിക്കാനും പത്രം വായിക്കാനും പോലും കുട്ടികൾക്ക് സമയം ലഭിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

‘സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല. എൻട്രൻസ് കോച്ചിംഗ് സെൻററുകൾ ലക്ഷങ്ങളാണ് രക്ഷിതാക്കളിൽ നിന്നും ഈടാക്കുന്നത്. പഠിക്കുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ കൊടുത്തുള്ള കോച്ചിംഗ് ആവശ്യമില്ല. നമ്മുടെ അധ്യാപകർ നല്ല കഴിവുള്ളവരാണ്. കുട്ടികളെ ട്യൂഷന് വിട്ടാൽ മാത്രമേ ശരിയാകൂവെന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നം. പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ല. ട്യൂഷന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ മേഖലയിൽ നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.

സ്കൂൾ സമയം നീട്ടിയത്

സ്കൂൾ സമയം നീട്ടിയതിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. നിലവിൽ പല സ്‌കൂളുകളും ക്ലാസ് തുടങ്ങുന്നത് പല സമയങ്ങളിലാണ്. പ്രായോഗിക പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാം. വിഷയം അപ്പോൾ ചർച്ച ചെയ്യും. പരാതി ലഭിച്ചാൽ സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.