കേന്ദ്രത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ തിളങ്ങി കേരളം; വിദ്യാഭ്യാസ മേഖലയിലെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാൾ മുന്നിൽ

Spread the love

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2024-25 അക്കാദമിക് വർഷത്തെ റിപ്പോർട്ടിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. അക്കാദമിക നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി.

റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന നൂറ് കുട്ടികളിൽ 99.5 ശതമാനം പേരും പത്താം ക്ലാസിലെത്തുന്നു. ഇതിൽ തൊണ്ണൂറ് ശതമാനം കുട്ടികൾ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നുണ്ട്. എന്നാൽ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളിൽ 62.9 ശതമാനം പേർ മാത്രമേ പത്താം ക്ലാസിൽ എത്തുന്നുള്ളൂ. ഇവരിൽ 47.2 ശതമാനം മാത്രമാണ് പന്ത്രണ്ടാം ക്ലാസിൽ എത്തുന്നത്.

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. ഇന്ത്യയിൽ കമ്പ്യൂട്ടറുകളുള്ള സ്കൂളുകളുടെ ശതമാനം 57.9 ആണെങ്കിൽ കേരളത്തിൽ ഇത് 99.1 ശതമാനമാണ്. പൊതുവിദ്യാലയങ്ങളിൽ 99.3 ശതമാനം സ്കൂളുകളിലും കമ്പ്യൂട്ടർ സൗകര്യമുണ്ട്. കൂടാതെ, 91.7 ശതമാനം സ്കൂളുകളിലും തടസ്സമില്ലാത്ത ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ലൈബ്രറി, കളിസ്ഥലം, ടോയ്‌ലറ്റുകൾ, വൈദ്യുതി, ഡിജിറ്റൽ സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലും കേരളം ദേശീയ തലത്തിൽ മുൻനിരയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിംഗസമത്വ സൂചികയിലും കേരളം മികച്ച പ്രകടനം കാഴ്ചവെച്ചു. ജെൻഡർ പാരിറ്റി ഇൻഡെക്സ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഒന്നിന് മുകളിലാണ്. ഇത് കേരളത്തിൽ പെൺകുട്ടികളുടെ പഠന പങ്കാളിത്തം ആൺകുട്ടികളുടേതിന് തുല്യമോ അതിൽ കൂടുതലോ ആണെന്ന് സൂചിപ്പിക്കുന്നു.

അധ്യാപകരുടെ ഗുണമേന്മയിലും സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ഈ നേട്ടങ്ങൾ കൈവരിക്കുന്നതിന് പിന്നിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടെന്നും വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.