കേരളത്തിന്റെ സമരനായകന് നാടിന്റെ വീരോചിത യാത്രയയപ്പ്…! കൊല്ലത്തിന്‍റെ വിപ്ലവ മണ്ണിലൂടെ വിഎസ്; വിലാപയാത്ര 16 മണിക്കൂര്‍ പിന്നിട്ടു; പാതിരാനേരത്തും വഴിനീളെ മുദ്രാവാക്യങ്ങളുമായി കാത്തുനിന്നത് ആയിരങ്ങൾ; ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര നീങ്ങുന്നത് മണിക്കൂറുകള്‍ വൈകി; പ്രിയ സഖാവിനെ കാത്ത് പുന്നപ്ര വയലാറിന്‍റെ മണ്ണ്…!

Spread the love

കൊല്ലം: ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വി എസ് അച്യുതാനന്ദന് നാടിന്റെ വീരോചിത യാത്രയയപ്പ്.

ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി.

വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്‌ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയ സഖാവിനെ കാത്തിരിക്കുകയാണ് പുന്നപ്ര വയലാറിന്‍റെ മണ്ണ്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടില്‍ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച്‌ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതല്‍ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച്‌ ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയില്‍ പുന്നപ്ര വയലാർ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്കാരം. രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിലും ആയിരങ്ങള്‍ വിഎസിന് അന്ത്യഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങള്‍, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.