പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ ഗതിയെന്താകും ? പീരുമേട് ഉരുട്ടിക്കൊലയിൽ വി എസിന്റെ രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. പൊലീസ് സേനയെക്കുറിച്ച് അടുത്തകാലത്തുണ്ടായ അരോപണങ്ങൾ ഗൗരവതരമാണെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു.ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വി എസ് പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണമെന്നും ആവശ്യപ്പെട്ടു. ഉമ്മ ചാണ്ടി സർക്കാരാണ് പൊലീസിന് ജുഡീഷ്യൽ അധികാരം നൽകാൻ തീരുമാനിച്ചതെന്ന് ഓർമ്മിപ്പിച്ച അച്യുതാനന്ദൻ ഇക്കാര്യത്തിൽ ഇടത് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു.ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലും വി എസ് വിമർശനം ഉന്നയിച്ചു. ഉദ്യോഗസ്ഥ വീഴ്ചകളിൽ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾക്ക് വിട്ടു നിൽക്കാനാവില്ലെന്ന് പറഞ്ഞ വിഎസ് അച്യുതാനന്ദൻ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വീതികരിക്കരുതെന്നും ആവശ്യപ്പെട്ടു. നിയമസഭയിൽ ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു വിഎസ് അച്യുതാനന്ദൻ.