play-sharp-fill
പാമ്പിനെക്കണ്ടാലും പോത്ത് വിരണ്ടാലും ജനങ്ങള്‍ വിളിക്കും; പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്താൻ സഹായ ഹസ്തവുമായി പോയപ്പോള്‍ ടോറസില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്നു; സഹജീവി സ്‌നേഹം സിരകളിലുള്ള സഖാവ് വി എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ വോട്ട് തേടുമ്പോള്‍

പാമ്പിനെക്കണ്ടാലും പോത്ത് വിരണ്ടാലും ജനങ്ങള്‍ വിളിക്കും; പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്താൻ സഹായ ഹസ്തവുമായി പോയപ്പോള്‍ ടോറസില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്നു; സഹജീവി സ്‌നേഹം സിരകളിലുള്ള സഖാവ് വി എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ വോട്ട് തേടുമ്പോള്‍

ഏ കെ ശ്രീകുമാർ

കോട്ടയം : ‘ചേട്ടാ ഇതുവരെ വിളിച്ച ആരും ഇങ്ങനെ പറഞ്ഞില്ല, എല്ലാവരും വഴക്കു പറയുകയും പേടിപ്പിക്കുകയുമായിരുന്നു’. ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ചെങ്ങളത്തെ കുടുംബം കലങ്ങിയ കണ്ണും മനസ്സുമായി ഇത് പറഞ്ഞപ്പോള്‍, ഫോണിന്റെ മറുതലയ്ക്കല്‍ എല്ലാ സങ്കടങ്ങളും കേട്ട് നിശബ്ദനായി ഒരാളുണ്ടായിരുന്നു. നാട് മുഴുവന്‍ ആ കുടുംബത്തെ കുറ്റപ്പെടുത്തിയപ്പോഴും ശാപവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചപ്പോഴും മാധ്യമങ്ങള്‍ അവരുടെ പിന്നാലെ വേട്ടപ്പട്ടികളെപ്പോലെ നടന്നപ്പോഴും ആദ്യാവസാനം ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയൊരാള്‍. മറ്റൊരാളുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി കണ്ട്, അത് പരിഹരിക്കപ്പെടും വരെ കയ്‌മെയ് മറന്ന് ഓടി നടക്കാന്‍  ആര്‍ക്ക് സാധിക്കും എന്ന് ചിന്തിക്കുന്നിടത്ത്, ഫോണിന്റെ മറുതലയ്ക്കലുള്ള ആളുടെ പേര് നിങ്ങളുടെ മനസ്സില്‍ തെളിയും. സഖാവ് വി എന്‍ വാസവന്‍.

ആംബുലന്‍സുമായി ചെങ്ങളത്തെ വീട്ടില്‍ ചെന്ന് അവരെ സുരക്ഷിതരായി മെഡിക്കല്‍ കോളേജില്‍ എത്തിക്കും വരെ ജനങ്ങളുടെ ഒട്ടാകെ ഭീതിയും ആശങ്കയും അനുഭവിച്ചറിഞ്ഞിരുന്നു വി എന്‍ വാസവന്‍ എന്ന കോട്ടയംകാരുടെ സ്വന്തം വാസവന്‍ ചേട്ടന്‍. ‘മരണം വിതയ്ക്കുന്ന രോഗത്തോടുള്ള ഭീതി സ്വാഭാവികമാണ്, പക്ഷെ സഹജീവിയെ സഹായിക്കാനുള്ള ബാധ്യത നമ്മള്‍ മറക്കരുത്. ആരും ആ വീട്ടിലേക്ക് ചെല്ലണ്ട. സംഭവം അറിഞ്ഞ സമയത്തുതന്നെ ഡിഎംഒ, കലക്ടര്‍ എന്നിവരെ അറിയാക്കാനുള്ള ഒരു ഒരു ഉത്തരവാദിത്വം നിറവേറ്റണം,എന്നിട്ട് ആ വ്യക്തിയെ ഫോണിലൂടെ സമാശ്വസിപ്പിക്കാമായിരുന്നു..’ എല്ലാ കടമയും നിര്‍വ്വഹിച്ച ശേഷം വാസവന്‍ പറഞ്ഞ വാക്കുകളാണ് പിന്നീട് ഈ ദിവസം വരെ കോവിഡ് രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ കേരളത്തെ സജ്ജമാക്കിയത്. ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം, കയ്യുംകെട്ടി മാറി നിന്ന്, ഒടുവില്‍ പേരെടുക്കാന്‍ കഷ്ടപ്പെടുന്ന സീസണല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഒരപവാദമാണ് സഖാവ് വി. എന്‍ വാസവന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന വാസവന് സാധാരണ സ്ഥാനാര്‍ത്ഥികളുടെ ഉത്കണ്ഠയില്ല. അരനൂറ്റാണ്ടുകാലമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ, സഹജീവി സ്‌നേഹമുള്ള ഒരാളെ വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് ബോധ്യം ഏറ്റുമാനൂരിലെ ജനങ്ങള്‍ക്കുള്ളത് തന്നെ കാരണം. വിദ്യാര്‍ത്ഥി – യുവജന , പ്രസ്ഥാനങ്ങളിലൂടെ തുടങ്ങി ഒരോ ഘട്ടത്തിലും ഏല്‍പ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ വാസവന് കഴിഞ്ഞിട്ടുണ്ട്.
എല്ലാ പൊതുപ്രശ്‌നങ്ങളിലും ഇടപെടുന്നതിനൊപ്പം മനുഷ്യത്വപരമായ, ജീവ കാരുണ്യ പരമായ സമീപനമാണ് വാസവന്റെ പ്ലസ് പോയിന്റ്.

കുമരകം ബോട്ട് ദുരന്തം,താഴത്തങ്ങാടി ബസ് അപകടം ,പുല്ലുപാറ ദുരന്തം തുടങ്ങി ഏറെ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട ദുരന്തഭൂമിയില്‍ ഒരു ജനപ്രതിനിധിയുടെ സ്വാഭാവിക ഗര്‍വ്വിനപ്പുറം സാധാരണക്കാരനായ സഖാവായി നിന്ന ആളാണ് അദ്ദേഹം. പ്രളയത്തില്‍ ആലപ്പുഴയിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ കുടുങ്ങിയവരെ ടോറസില്‍ കയറ്റി രാത്രി എ.സി.റോഡിലൂടെ ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനുള്ള തത്രപ്പാടില്‍ ടോറസില്‍ നിന്ന് ബാലന്‍സ് തെറ്റി വീണ് നട്ടെല്ലിന് പരിക്കേറ്റ് ദീര്‍ഘകാലം ചികിത്സയ്ക്കു വിധേയനാകേണ്ടി വന്നു. ഇന്നും പൂര്‍ണ സുഖം പ്രാപിക്കാതിരുന്നിട്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അഭയം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനെന്ന നിലയില്‍ ചെയ്ത മനുഷ്യത്വപരമായ ഇടപെടലുകള്‍ കണക്കുകള്‍ നിരത്തി പറയാവുന്നതല്ല.

കോട്ടയം മെഡിക്കല്‍ കോളേജ് വികസന സമിതിയിലെ ഏക അനൗദ്യോഗിക അംഗമായ വാസവന്റെ ഇടപെടലിലൂടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ വെല്ലുന്ന കോടികളുടെ വികസനമാണ് 5 വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടപ്പിലാക്കിയത്. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വക നാട്ടകം ഇന്ത്യാ പ്രസ് വളപ്പില്‍ കോടികളുടെ അക്ഷരമൂസിയം ഉയരുന്നതിന് പിന്നിലും വാസവന്‍ തന്നെ. കുമരകം ഉള്‍പ്പെടുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ വാസവന്‍ ജയിച്ചാല്‍ കോട്ടയം സഹജീവി സ്‌നേഹവും സമഗ്രവികസനവുമുള്ള ചെങ്കോട്ടയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.