അദ്ദേഹത്തിന്റെ ചികിത്സയുടെ കൂടെ ഒരുമിച്ചുണ്ടായിരുന്നു, പതിവ് പരിശോധനയ്ക്കായി പോയി മടങ്ങിയപ്പോഴാണ് വേർപാട്, നമുക്ക് നഷ്ടപ്പെട്ടത് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന് ജനകീയ നേതാവായി മാറിയ വ്യക്തിയെ, അപ്രതീക്ഷിതമായ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തനായിട്ടില്ല, എനിക്ക് സഹോദരൻ നഷ്ടപ്പെട്ട വേദന; സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സലിന്റെ നിര്യാണത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചിച്ചു

Spread the love

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സലിന്റെ നിര്യാണത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന് ജനകീയ നേതാവായി മാറിയ ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് വി എൻ വാസവൻ പറഞ്ഞു. വിയോ​ഗത്തിൽ സഹോദരൻ നഷ്ടപ്പെട്ട വേദനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റസ്സലിന് രോഗം തിരിച്ചറിയുന്നത് ഒൻപത് മാസം മുമ്പാണ്. അന്നുമുതല്‍ അദ്ദേഹത്തിന്റെ ചികിത്സയുടെ കൂടെ ഒരു ഒരുമിച്ചുണ്ടായിരുന്നു. ഇന്ന് പതിവ് പരിശോധനയ്ക്കായി പോയി മടങ്ങി മുറിയിലേക്ക് എത്തുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേര്‍പാട്. അപ്രതീക്ഷിതമായ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല.

24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംസ്ഥാന സമ്മേളനം ചേരാനിരിക്കെയുള്ള റസ്സലിന്റെ വേര്‍പാട് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന് മാത്രമല്ല എനിക്കും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കോട്ടയം പാര്‍ട്ടി ജില്ലാ സമ്മേളനം സഖാവിനെ വീണ്ടും സെക്രട്ടറിയായി തെരെഞ്ഞെടുത്തിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലഘട്ടം മുതല്‍ക്കേ റസ്സലിനെ അടുത്തറിയാമായിരുന്നു. ആരും ആഗ്രഹിക്കുന്ന സവിശേഷമായ സംഘടനാ മികവ് അദ്ദേഹത്തിന്റെ കൈമുതലായിരുന്നു.

ചികിത്സ കഴിഞ്ഞ് ഉടന്‍ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് സജീവമായി മ‍ടങ്ങിയെത്തും എന്നു കരുതിയിരിക്കെയാണ് റസ്സലിന്റെ അപ്രതീക്ഷിത വേര്‍പാട്. തൊഴിലാളികളുടെയും, സാധാരണക്കാരുടെയും പ്രിയപ്പെട്ട നേതാവായിരുന്നു. അര്‍ബന്‍ ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയില്‍ സഹകാരിയായും, ജില്ലാ പ‍ഞ്ചായത്തംഗമായി, പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചു.

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങള്‍, മുത്തങ്ങാ വെടിവയ്പ്പിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ കലാപത്തിനെതിരായ പ്രക്ഷോഭങ്ങള്‍ എന്നിങ്ങനെ റസ്സലിലെ പ്രക്ഷോഭകാരിയെ നേരിട്ട് കണ്ട അവസരങ്ങള്‍ നിരവധിയാണ്.

യുവജന സംഘടനാ രംഗത്തും, തൊഴിലാളി സംഘടനാ രംഗത്തും നേതൃനിരയില്‍ പുലര്‍ത്തിയ മികവാണ് അദ്ദേഹത്തെ സി.പി.ഐ (എം)ന്റെ ജില്ലാ സെക്രട്ടറി പദവിയിലെത്തിച്ചത്. പ്രക്ഷോഭ സമരങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ റസ്സലിന് നിരവധി തവണ ക്രൂരമായ പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.