ഇ കെ നായനാരും വി എസും കൈപ്പറ്റിയതിനേക്കാള്‍ കൂടുതല്‍ എന്ത് ആനുകൂല്യമാണ് തനിക്ക് ലഭിച്ചത്; നായനാരെയും അച്യുതാനന്ദനെയും അപമാനിക്കുന്നതിന് തുല്യമാണിത്; സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിന്റെ പാരമ്യത്തിലെന്ന് വി ഡി സതീശന്‍…

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവിന്റെ ക്രെഡിബിലിറ്റി വര്‍ദ്ധിപ്പിക്കാനാണ് കഴിഞ്ഞ മൂന്ന് ദിവസമായി മന്ത്രി പി രാജീവ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഹിന്ദു ഐക്യവേദി നേതാവുമായി മന്ത്രിക്കുള്ള ബന്ധം നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. പ്രതിപക്ഷ നേതാവിനെക്കുറിച്ച്‌ ആക്ഷേപം പറയാത്ത ഒരു സി.പി.എം എം.എല്‍.എ പോലുമില്ല. ഇതെല്ലാം ഏകോപിപ്പിക്കുന്നത് പി രാജീവാണെന്നും വി ‌ഡി സതീശന്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാന്‍ പ്രതിപക്ഷ നേതാവിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നെന്ന് ഒരു എം.എല്‍.എയെ കൊണ്ട് പറയിപ്പിച്ചു. ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാക്കള്‍ എന്ന നിലയില്‍ കൈപ്പറ്റിയതിനേക്കാള്‍ കൂടുതല്‍ എന്ത് ആനുകൂല്യമാണ് ഞാന്‍ കൈപ്പറ്റിയത്? നായനാരെയും അച്യുതാനന്ദനെയും അപമാനിക്കുന്നതിന് തുല്യമാണിത്. അവരെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്? പ്രതിപക്ഷ നേതാവിന് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാമര്‍ശം തെറ്റാണെന്ന് സ്പീക്കറുടെ ചെയറില്‍ ഉണ്ടായിരുന്ന പാനല്‍ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആനുകൂല്യങ്ങള്‍ ഇവര്‍ ചീഫ് വിപ്പിന് കൊടുക്കാന്‍ പോകുകയാണ്. അങ്ങനെയുള്ളവരാണ് പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതെല്ലാം ഏകോപിപ്പിക്കുന്നത് പി രാജീവാണ്’- വി ‌ഡി സതീശന്‍ പറഞ്ഞു.

‘ആര്‍.എസ്.എസ് സംഘപരിവാര്‍ നേതാക്കളെ ഇറക്കി വിട്ട് പത്രസമ്മേളനം നടത്തുകയാണ്. വിവേകാനന്ദ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദത്തില്‍ വി.എസിന്റെ പേര് പറഞ്ഞതോടെ എല്ലാവരുടെയും വാ അടഞ്ഞു. ആര്‍.എസ്.എസ് നേതാക്കള്‍ നടത്തുന്ന പത്രസമ്മേളനങ്ങള്‍ മന്ത്രി പി രാജീവ് തലയില്‍ വച്ചുകൊണ്ട് നടക്കുന്നത് എന്തിനാണ്’

‘കേന്ദ്ര മന്ത്രി ജയശങ്കറിനെതിരെ പ്രസംഗിച്ചതിനല്ല മന്ത്രി റിയാസിനെതിരെ പ്രതിഷേധിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാഷണല്‍ ഹൈവേ വികസനത്തിന് എന്ത് ചെയ്‌തെന്ന് ചോദിച്ചതിനാണ്. അന്ന് സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സമരത്തിലായിരുന്നു എല്ലാവരും. അതു കൊണ്ടാണ് ഇന്ന് സ്ഥലം നഷ്ടമായവര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം ലഭിച്ചത്. ചോദ്യോത്തര വേളയില്‍ തന്നെ മന്ത്രിമാര്‍ പ്രകോപിതരായി സംസാരിക്കുന്നത് തന്നെ സഭാ ചരിത്രത്തില്‍ ആദ്യമാണ്. ധാര്‍ഷ്ട്യവും അഹങ്കാരവും പാരമ്യത്തില്‍ നില്‍ക്കുകയാണ്. കോണ്‍സുലേറ്റ് എന്നോ സ്വര്‍ണക്കടത്തെന്നോ പറയാന്‍ പാടില്ല. ഇനിമുതല്‍ അട്ടപ്പാടിയെന്നും. ഇതൊക്കെ പോളണ്ടിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടരുതെന്ന് പറയുന്നത് പോലെയാണ്. ആക്രോശത്തോടെയാണ് ഭരണകക്ഷി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുന്നത്’- പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.