നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു മിസ്റ്റർ ഗോവിന്ദൻ? കുട്ടി സഖാക്കൾക്കെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നത് അനുവദിക്കില്ല..! സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ട : വി ഡി സതീശൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്നത് മാധ്യമവേട്ടയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. സംഘപരിവാർ ഡൽഹിയിൽ ചെയ്യുന്നത് അതുപോലെ കേരളത്തിൽ
അനുകരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കുട്ടി സഖാക്കൾക്കെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നത് അനുവദിക്കില്ല. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത് എന്നത് വിസ്മയമുളവാക്കുന്ന കാര്യമാണ്. അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയാൽ നിരന്തരമായ സമരങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. ഇതിനോടൊന്നും മുട്ടുമടക്കാൻ പോകുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്എഫ്ഐക്കെതിരായി ക്യാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം അഹങ്കാരം നിറഞ്ഞതാണ്. അധികാരം നൽകിയ ധിക്കാരത്തിന്റെ പ്രതിഫലനമാണത്. നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു മിസ്റ്റർ ഗോവിന്ദൻ എന്നും വിഡി സതീശൻ പറഞ്ഞു.
പാർട്ടി സെക്രട്ടറിയേയല്ല, മുഖ്യമന്ത്രിയേയാണ് ഭരിക്കാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസിന്റെ വിശ്വാസ്യത തകർന്നു. പൊലീസ് കയ്യും കാലും വിറച്ചാണ് ജോലി ചെയ്യുന്നതെന്നും വിഡി സതീശൻ പറഞ്ഞു.