
കോട്ടയം : 2024 ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം മുൻ നിയമസഭ സ്പീക്കറും, മന്ത്രിയും, എം.പിയുമായിരുന്ന വി.എം. സുധീരന് സമ്മാനിക്കുവാൻ ഉഴവൂർ വിജയൻ സ്മാരക പുരസ്കാര സമിതി തീരുമാനിച്ചു.
എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ: സിറിയക് തോമസ് അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും പ്രശസ്ത ശില്പി രൂപ കല്പന ചെയ്ത ശില്പവും ആണ് അവാർഡ്.
ഉഴവൂർ വിജയന്റെ 7-ാം മത് ചരമവാർഷിക ദിനമായ ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 10.30ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ എൻ.സി.പി. ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം കേരള സംസ്ഥാന വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.സി.പി അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റും സംസ്ഥാന പ്രസിഡൻറുമായ പി.സി. ചാക്കോ, വി.എം. സുധീരന് ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം സമ്മാനിക്കും.
സമ്മേളനത്തിൽ സഹകരണ – തുറമുഖ ദേവസ്വം മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണവും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ., തോമസ് കെ. തോമസ് എം. എൽ.എ., ഡോ. സിറിയക് തോമസ് തുടങ്ങിയവർ അനുസ്മരണ പ്രസംഗവും വി.എം. സുധീരൻ മറുപടി പ്രസംഗവും നടത്തും.
എൻ.സി.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ പുരസ്ക്‌കാര ജേതാവിനെ പരിചയപ്പെടുത്തും. സംസ്ഥാന നേതാക്കന്മാരായ പി.എം. സുരേഷ് ബാബു, രാജൻ മാസ്റ്റർ, ലതിക സുഭാഷ്, പി.ജെ. കുഞ്ഞുമോൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ബി. ജയകുമാർ, റ്റി.വി. ബേബി, കാണക്കാരി അരവിന്ദാക്ഷൻ, എസ്.ഡി. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിക്കും.
ജനറൽ കൺവീനർ സാബു മുരിക്കവേലി സ്വാഗതവും കൺവീനർ നിബു ഏബ്രഹാം നന്ദിയും പറയും.