
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെ അപകടത്തിൽ മരിച്ച സംഘത്തിൽ രണ്ട് മലയാളികളും. കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകർ (71) പാലക്കാട് സ്വദേശിനി വി കെ സിന്ധു (45) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച സഹസ്ര തടാകം മേഖലയിലുണ്ടായ മോശം കാലാവസ്ഥയിലാണ് അപകടമുണ്ടായത്.
ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആശയേയും സിന്ധുവിനെയും കൂടാതെ ബംഗളൂരുവിൽ താമസിക്കുന്ന അനിത രംഗപ്പ (55), കെ വെങ്കടേഷ് പ്രസാദ് (53), വിനായക് മുഖുർവദി (52), സുജാത മുഖുർവദി (52), കെ പി പത്മനാഭ (50), ചിത്ര പ്രനീത് (48), പത്മിനി ഹെഗ്‌ഡെ (34) എന്നിവരുടെയും മരണം സ്ഥിരീകരിച്ചു. സിന്ധു സോഫ്‌റ്റ്‌വെയർ എഞ്ചിനിയറാണ്.
എസ് ബി ഐയിൽ നിന്ന് സീനിയർ മാനേജറായി വിരമിച്ചയാളാണ് ആശ. കഴിഞ്ഞ ദിവസം അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 29നാണ് സംഘം പുറപ്പെട്ടത്. കർണാടക മൗണ്ടനറിംഗ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ട്രക്കിംഗ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
4,400 മീറ്റർ ഉയരത്തിലുള്ള തടാകത്തിലായിരുന്നു പോയത്. ഇരുപത്തിരണ്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 18 പേർ ബംഗളൂരുവിൽ നിന്നും, ഒരാൾ മഹാരാഷ്‌ട്രയിൽ നിന്നും ആയിരുന്നു. ഇവർക്കൊപ്പം മൂന്ന് ലോക്കൽ ഗൈഡുകളും ഉണ്ടായിരുന്നു. നാല് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായി തെരച്ചിൽ തുടരുന്നു.