പൊലീസിന്റെ ശ്രദ്ധ അൽപമൊന്നു പാളിയാൽ, ഉത്രകേസിലെ പ്രതിയെ കാത്തിരിക്കുന്നത് ഗോവിന്ദചാമിയുടെ വിധി: സാക്ഷികളില്ലാത്ത കേസിൽ വേണ്ടത് അതീവ ജാഗ്രതയും ശ്രദ്ധയും; പാമ്പിന്റെ കടി തന്നെ പ്രതിയ്ക്കു തുണയാകും

പൊലീസിന്റെ ശ്രദ്ധ അൽപമൊന്നു പാളിയാൽ, ഉത്രകേസിലെ പ്രതിയെ കാത്തിരിക്കുന്നത് ഗോവിന്ദചാമിയുടെ വിധി: സാക്ഷികളില്ലാത്ത കേസിൽ വേണ്ടത് അതീവ ജാഗ്രതയും ശ്രദ്ധയും; പാമ്പിന്റെ കടി തന്നെ പ്രതിയ്ക്കു തുണയാകും

തേർഡ് ഐ ബ്യൂറോ

കൊല്ലം: സൗമ്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗോവിന്ദചാമിയെ സുപ്രീം കോടതി വധ ശിക്ഷയിൽ നിന്നും വിടുതൽ നൽകിയപ്പോൾ കേരളം ആദ്യം ഒന്നു ഞെട്ടി…! തെളിവില്ലെന്നതായിരുന്നു കേസിലെ പ്രധാന നിർണ്ണായകമായ നിരീക്ഷണം. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ തെളിവുകൾ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷനു സാധിച്ചതുമില്ല. ഇതേ ഭീഷണി തന്നെയാണ് നിലവിൽ ഉത്രയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസും പ്രോസിക്യൂഷനും നേരിടുന്നതും.

കേരളത്തിൽ സമാനമായ രീതിയിൽ മുൻപ് നടന്ന രണ്ടു കേസുകൾ തന്നെയാണ് ഉത്ര കൊലക്കേസിലും നിർണ്ണായകമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1988, കോട്ടയത്ത് കുട്ടിയമ്മ എന്ന സ്ത്രീ തലക്കടിയേറ്റ് കൊല്ലപ്പെടുന്നു. പ്രതിക്ക് വേണ്ടി പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പിൽക്കാലത്ത് കേരള പൊലീസിന്റെ തലപ്പത്ത് എത്തിയ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ കോട്ടയം എസ് പിയായി ചുമതലയേൽക്കുന്നതും ഈ സമയത്താണ്. കുട്ടിയമ്മ കൊലക്കേസ് തെളിയിക്കുക എന്നത് അദ്ദേഹത്തിന് വളരെ പ്രധാനമായിരുന്നു. അധികം താമസിച്ചില്ല, കുട്ടിയമ്മ കൊലക്കേസ് പ്രതിയെ പൊലീസ് പിടികൂടി.

ദിവസങ്ങൾക്കകം അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി യെ വിളിച്ച്, സന്തോഷകരമായ ആ വാർത്ത അറിയിക്കുകയും ചെയ്തു, പ്രതി കുറ്റം സമ്മതിച്ചു! അതിനകം തന്നെ വാർത്താശ്രദ്ധ നേടിയ കുട്ടിയമ്മ കൊലക്കേസിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത് പൊലീസ് സേനയ്ക്ക് ആകെ ആത്മവിശ്വാസം നൽകി, പ്രത്യേകിച്ച് കോട്ടയം എസ് പിക്ക്.

പ്രതിയെ കൊല നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടു പോകുന്നതുവരെ മാത്രമായിരുന്നു പൊലീസിന്റെ ആ വിജയത്തിന്റെ ആയുസ്. കോട്ടയം എസ് പി യുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. കുട്ടിയമ്മയുടെ വീടിന് നൂറു മീറ്ററോളം അകലത്തിൽ നിർത്തിയിട്ട് കൊല നടന്ന വീട്ടിലേക്ക് പോയി എങ്ങനെയെണ കൃത്യം നടത്തിയതെന്ന് വിവരിക്കാൻ പ്രതിയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതി അവിടെ നിന്നും പരുങ്ങുകയാണുണ്ടായത്.

തന്റെ മുന്നിൽ കാണുന്ന വീടുകളിൽ ഏതാണ് കുട്ടിയമ്മയുടെ വീടെന്ന് പ്രതിക്ക് മനസിലാകുന്നില്ല. അവിടെ നിന്നും പൊലീസുകാർ പ്രതിയെ കുട്ടിയമ്മയുടെ വീടിനു മുന്നിൽ കൊണ്ടു ചെന്നു നിർത്തി. അപ്പോഴും അത് തന്നെയാണ് താൻ കൊല നടത്തിയ വീടെന്നുറപ്പിക്കാൻ പ്രതിക്കു കഴിയുന്നില്ല. എസ് പി യുടെ മനസിൽ ചില സംശയങ്ങൾ ഉടലെടുക്കുന്നു. പ്രതിയോട് കൊലപാതകം നടത്താൻ വീടിനകത്തു കയറിയതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാൻ പൊലീസ് നിർദേശിച്ചു.

പ്രതി വീടിനു ചുറ്റി നടന്നു. തികച്ചും അപരിചിതമായൊരിടത്തെന്നപോലെ. കുറച്ചു നേരം അങ്ങനെ നടന്നതിനുശേഷമാണ്, പിറക് വശത്ത് അടുക്കള വാതിൽ തുറന്ന് അകത്തു കയറിയത്. കൊലപാതകം നടത്താൻ താനിങ്ങനെയാണ് അകത്തു കയറിയതെന്നു പ്രതി വിശദീകരിച്ചതോടെ, തന്റെ സംശയം ശരിയായെന്ന് എസ് പിക്ക് മനസിലായി. കാരണം, കുട്ടിയമ്മയുടെ കൊലയാളി വീടിനകത്ത് കയറിയത് അടുക്കള വാതിൽ തകർത്തായിരുന്നില്ല. വീടിന്റെ എയർപോക്കറ്റിൽ നിന്നും ഒരു വെട്ടുകല്ല് ഇളക്കി മാറ്റിയാണ്.

അകത്ത് കയറിയശേഷം മോഷണം നടത്തി രക്ഷപ്പെടാൻ വേണ്ടി മുൻവാതിൽ തുറന്നിട്ടു. ഈ സമയത്താണ് ശബ്ദം കേട്ട് കുട്ടിയമ്മ എഴുന്നേറ്റത്. കുട്ടിയമ്മ ശബ്ദമുണ്ടാക്കിയാൽ താൻ പിടിക്കപ്പെടുമെന്നു ഭയപ്പെട്ടാണ് കൊലയാളി ആ സ്ത്രീയെ കൊലപ്പെടുത്തുന്നത്. യഥാർത്ഥ്യമതാണെന്നിരിക്കെ തങ്ങളുടെ കൈയിലുള്ള പ്രതിയല്ല യഥാർത്ഥ കൊലയാളിയെന്നു മനസിലാക്കാൻ എസ് പിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. കൂടെയുണ്ടായിരുന്ന ഡിവൈഎസ്പിയേയും സർക്കിൾ ഇൻസ്പെക്ടറെയും കുറച്ചകലെ മാറ്റി നിർത്തിയിട്ട് എസ് പി പ്രതിയോട് രഹസ്യമായി ചോദിച്ചു,

ഈ കൊലപാതകം നടത്തിയത് നീ തന്നെയാണോ?

അയാൾ പറഞ്ഞു, ഞാനല്ല സാർ…

പിന്നെന്തിനാണ് നീ കുറ്റസമ്മതം നടത്തിയത്?

‘അടികൊള്ളാൻ വയ്യാഞ്ഞിട്ടാ സാറേ… അമ്മാതിരി തല്ലുകൊണ്ടു കഴിഞ്ഞു, ഇനി വയ്യാ… അതാണ് കൊന്നത് ഞാൻ തന്നെയാണെന്നങ്ങ് സമ്മതിച്ചത്’

ഇത് കൊലാപതക കുറ്റമാണ് നീ ശിക്ഷിക്കപ്പെടും,

‘നിരപരാധിയായ എന്നെ നിങ്ങൾ കുറ്റവാളിയാക്കിയാലും ദൈവമെന്നെ രക്ഷിക്കുമെന്ന് ഉറപ്പുണ്ട്… ഇനി തല്ല് കൊള്ളാൻ വയ്യാ…’

കുട്ടിയമ്മയുടെ കൊലപാതകി ആരെന്നു മനസിലായെങ്കിലും സംശയം ബാക്കി നിൽക്കുന്നതിനാൽ അയാളെ പുറത്തു വിടാതെ നിരീക്ഷണത്തിൽവച്ചു. കുട്ടിയമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം വീണ്ടും തുടർന്നു. ഒടുവിൽ നാല് മാസങ്ങൾക്കിപ്പുറമാണ് കുട്ടിയമ്മയുടെ കൊലപാതകിയെ പിടികൂടുന്നത്. ഇടുക്കി ജോസ്ഗിരി സ്വദേശി കെ വി ചാക്കോ ആയിരുന്നു ആ കൊലപാതകി. പിടിക്കപ്പെടുന്നതിനു മുമ്പ് ചാക്കോ കുട്ടിയമ്മയെ അടക്കം എട്ടു പേരെ കൊന്നിരുന്നു.

ഞെട്ടലോടെ മാത്രം ഓർക്കുന്ന കെ വി ചാക്കോ എന്ന ആ കൊലയാളിയെ കേരളം അറിയുന്നത് റിപ്പർ ചാക്കോ എന്ന പേരിലാണ്.

കുട്ടിയമ്മയുടെ കൊലപാതകിയെന്ന പേരിൽ പൊലീസ് ആദ്യം പിടികൂടിയ പ്രതിയെ കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നതിനു പകരം യഥാർത്ഥ പ്രതിയെ പിടിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഏഴു മനുഷ്യ ജീവനുകൾ കൂടി രക്ഷിക്കാൻ ഒരുപക്ഷേ പൊലീസിന് കഴിയുമായിരുന്നു. അന്ന് എസ് പിക്ക് കാര്യങ്ങൾ ബോധ്യമായിരുന്നില്ലെങ്കിൽ തങ്ങൾ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നുവെങ്കിൽ, കേസ് തന്നെ തള്ളിപ്പോകുമായിരുന്നു. പ്രതിയുടെ കുറ്റസമ്മതം മാത്രം കൊണ്ട് ഒരു കേസും കോടതിയിൽ തെളിയിക്കാൻ കഴിയില്ല. തെളിവുകൾ വേണം. സാക്ഷികളോ സാഹചര്യ തെളിവുകളോ വേണം ഇന്നയാൾ തന്നെയാണ് കൃത്യം നടത്തിയതെന്നു തെളിയിക്കാൻ. കാരണം, സിആർപിസി സെക്ഷൻ 25 പ്രകാരം പ്രതി പൊലീസിനോട് നടത്തുന്ന കുറ്റസമ്മതം തെളിവായി കോടതി സ്വീകരിക്കില്ല.

ഉത്ര കൊലക്കേസ് പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസായി മാറുന്നതും അതുകൊണ്ടാണ്. ഉത്രയുടെ ഭർത്താവ് സൂരജ് പൊലീസ് കസ്റ്റഡിയിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും അത് പോരാ കോടതിയിൽ. സാക്ഷികൾ പോലുമില്ലാത്ത കേസ് കൂടയാണിത്. പ്രതി സൂരജ് , തെളിവെടുപ്പിനിടയിൽ താനല്ല ഉത്രയെ കൊന്നതെന്നും പൊലീസ് നിർബന്ധിച്ച് കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പറഞ്ഞു കഴിഞ്ഞു. മാധ്യമവാർത്തകളായി ഇത് രേഖപ്പെട്ടിട്ടുമുണ്ട്.

കോടതിയിലും ഇതേ കാര്യം തന്നെ സൂരജ് ആവർത്തിക്കും. ആദ്യം മുതൽ താൻ, തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വാദിക്കാൻ ഇക്കഴിഞ്ഞ ദിവസങ്ങളിലെ കുറ്റം നിഷേധിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ സൂരജ് ഉപയോഗിക്കുകയും ചെയ്യും. ഒരുപക്ഷേ, നിയമപോദേശം അനുസരിച്ചായിരിക്കാം സൂരജിന്റെ പ്രകടനങ്ങളും. പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു ദിവസങ്ങൾക്കു മുമ്പേ സൂരജ് അഭിഭാഷകരെ കണ്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെടും എന്നു മുൻകൂട്ടി കണ്ടുകൊണ്ടു തന്നെയായിരുന്നു സൂരജിന്റെ നീക്കങ്ങളെന്നും പൊലീസ് പറയുന്നു. എന്തായാലും സൂരജിന്റെയും രണ്ടാം പ്രതി സുരേഷിന്റെയും കുറ്റസമ്മത മൊഴികൾ കൊണ്ട് കേസിൽ പൊലീസിന് കാര്യമായൊന്നും ചെയ്യാൻ കഴിയില്ല. പരമാവധി സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കുന്നതും അതുകൊണ്ടാണ്.

ഉത്രയെ കടിച്ച പാമ്പ് പോലും കേസിൽ വളരെ നിർണായകമാണെന്നു പൊലീസിന് അറിയാം. പാമ്പിനെ പോസ്റ്റ്മോർട്ടം നടത്തിയതും ഡിഎൻഎ പരിശോധന നടത്തുന്നതുമെല്ലാം ശാസ്ത്രീയ തെളിവുകൾക്കു വേണ്ടിയാണ്.

മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ചൂണ്ടിക്കാണിക്കുന്നതും ഇത്തരം സംശയങ്ങളാണ്. ‘ലോക്കൽ സെൻസേഷണലിസം കൂടി പരിഗണിച്ച് കീഴ്ക്കോടതി പ്രതിക്ക് ശിക്ഷ വിധിച്ചേക്കാം. പക്ഷേ ഹൈക്കോടതിയിൽ പ്രതിക്ക് അനുകൂലമായി വിധി വരാൻ സാധ്യയുണ്ട്. കുറ്റസമ്മതം കൊണ്ട് കാര്യമില്ല, കോടതിയത് സ്വീകരിക്കില്ല. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉപയോഗിച്ച് കുറ്റം സംശയാധീതമായി തെളിയിക്കാൻ കഴിയണം.

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമി വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതാണ് മുൻ ഡിജിപി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. കേസിന്റെ ബലത്തിനായി പൊലീസ് ചേർത്ത സാക്ഷിമൊഴിയാണ് ഗോവിന്ദച്ചാമിക്ക് തന്നെ അനുകൂലമായി മാറിയത്. ഓടുന്ന ട്രെയിനിൽ നിന്നും സൗമ്യ ചാടുന്നത് കണ്ടെന്നായിരുന്നു സാക്ഷി മൊഴി. സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടെന്നും കൊല്ലപ്പെട്ടെന്നും വ്യക്തമായെങ്കിലും ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ചോദിച്ച ഒരേ ചോദ്യം, ഓടുന്ന ട്രെയിനിൽ നിന്നും ചാടിയ (സാക്ഷിമൊഴിയനുസരിച്ച്) പെൺകുട്ടി ആ വീഴ്ച്ചയിൽ ഉണ്ടായ പരിക്കിൽ ആയിരിക്കില്ലേ കൊല്ലപ്പെട്ടതെന്നായിരുന്നു.

ഗോവിന്ദ ചാമിയിൽ നിന്നും കൊലക്കുറ്റം നീങ്ങിപ്പോകുന്ന് പൊലീസിനുണ്ടായ വീഴ്ച്ചയായിരുന്നു. ഇത്തരം വീഴ്ച്ചകൾ ഉത്ര കൊലക്കേസിൽ ഉണ്ടാകാതെ നോക്കേണ്ടതുണ്ടെന്നാണ് പൊലീസ് ഉദ്യോസ്ഥർ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

പല ചോദ്യങ്ങൾക്കും അന്വേഷണ സംഘം കൃത്യമായ ഉത്തരം കണ്ടെത്തിയിരിക്കണം. പാമ്പിനെ രണ്ടു തവണ വാങ്ങിയത്, അടൂരിൽ സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റത്, അഞ്ചലിലേക്കുള്ള ഉത്രയുടെ വീട്ടിലേക്ക് സൂരജ് പാമ്ബിനെ കൊണ്ടുപോകുന്നത്, പാമ്പ് കടിയേൽക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂട്ടിയോജിപ്പിക്കാൻ പൊലീസിന് കഴിയണം. ഇതിൽ സംശയങ്ങൾക്കിട വന്നാൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കാതെ പോകും.

അടൂരിൽ നിന്നും അഞ്ചലിലേക്ക് പ്ലാസ്റ്റിക് കുപ്പിയിലാണ് പാമ്പിനെ കൊണ്ടു പോയതെന്ന് സൂരജ് മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ കുപ്പി ഉത്രയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ സൂരജിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം തെളിവെടുപ്പിന് കൊണ്ടുവന്ന സമയത്ത് സൂരജ് പറഞ്ഞത്, കുപ്പി പൊലീസാണ് കൊണ്ടിട്ടതെന്നും തന്റെ വിരലടയാളം നിർബന്ധിച്ച് പതിപ്പിച്ചതാണെന്നുമാണ്. കോടതിയിലും ഇതേ കാര്യം ആവർത്തിച്ചാൽ, അല്ലായെന്നു പൊലീസിന് തെളിയിക്കേണ്ടി വരും.

ഇതിനൊപ്പം തന്നെ മറ്റു ചില ചോദ്യങ്ങൾക്കും അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.. പൊലീസ് കണ്ടെടുത്ത പ്ലാസ്റ്റിക് കുപ്പിയിലാണെങ്കിൽ, അത്തരമൊരു കുപ്പിയിൽ അതുപോലൊരു പാമ്പിനെ ഇട്ടുകൊണ്ട് വരാൻ കഴിയുമോ? അടൂരിൽ നിന്നും അഞ്ചൽ വരെ ആ കുപ്പിയിലടച്ചാണ് പാമ്പിനെ കൊണ്ടു വന്നതെങ്കിൽ ഉത്രയെ കൊലപ്പെടുത്താൻ എടുക്കുന്നതിനു മുമ്പായി പാമ്പ് ശ്വാസം കിട്ടാതെ ചത്തുപോകാനാണ് സാധ്യത. അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ പാമ്പിനെ അഞ്ചലിൽ എത്തിച്ചിട്ട് കൊലപാതകം നടക്കുന്നതിനു മുമ്പായി പ്ലാസ്റ്റിക് പാത്രത്തിലാക്കിയിട്ട് മുറിയിലേക്ക് കൊണ്ടു വന്നതാകണം.

പക്ഷേ, ഇക്കാര്യം തെളിയിക്കണം. അങ്ങനെയെങ്കിൽ തന്നെ, രാത്രി രണ്ടു തവണ സൂരജ് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങിയിരിക്കണം. പുറത്തുവച്ചിരിക്കുന്ന പാമ്പിനെ എടുക്കാനും , പ്ലാസ്റ്റിക് കുപ്പി വീണ്ടും പുറത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിക്കാനും. ഉത്രയുടെയും സൂരജിന്റെയും കിടപ്പു മുറിയിൽ നിന്നും നേരിട്ട് പുറത്തേക്കിറങ്ങാൻ കഴിയില്ലെന്നിരിക്കെ ഉത്രയുടെ മാതാപിതാക്കളോ സഹോദരനോ സൂരജിന്റെ പ്രവർത്തികൾ അറിഞ്ഞില്ലേ എന്നൊരു ചോദ്യവും കോടതിയിൽ ഉയരാം.

മൂർഖൻ പോലൊരു പാമ്പിന്റെ കടിയേറ്റിട്ടും ഉത്ര അറിഞ്ഞില്ലേ എന്നതാണ് മറ്റൊരു ചോദ്യം. അണലി കടിക്കുന്നതുപോലെയല്ല മൂർഖൻ കടിച്ചാൽ. നാഡീവ്യൂഹങ്ങൾ തളർന്ന് ശ്വാസം മുട്ടലുണ്ടായി കടിയേറ്റയാൾ വലിയ രീതിയിൽ ബഹളം വയ്ക്കും. വീട്ടിലുള്ള മറ്റാരും ഇതറിഞ്ഞില്ലേ എന്നു ചോദിക്കാം. അതിനുള്ള ഉത്തരം അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസിലാകുന്നത്.

പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിനു മുമ്ബ് മയങ്ങാനുള്ള മരുന്ന് ഉത്രയ്ക്ക് നൽകിയിരുന്നുവെന്ന് സൂരജ് മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 650 മില്ലിഗ്രാമിന്റെ ആറ് പാരസെറ്റാമോൾ ഗുളികളും അലർജിക്കുള്ള ചില ഗുളികളും (ഇവ ഉറക്കം ഉണ്ടാക്കുന്നതാണെന്നാണ് പറയുന്നത്) ജ്യൂസിൽ ചേർത്ത് ഉത്രയ്ക്ക് നൽകിയിരുന്നുവത്രേ. അണലിയെ കൊണ്ട് കടിപ്പിച്ച ആദ്യ ശ്രമത്തിനു മുമ്പും ഇതുപോലെ ഉറക്ക ഗുളിക നൽകിയിരുന്നുവെന്നും സൂരജ് സമ്മതിച്ചതായി പൊലീസ് പറയുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളായിരിക്കും സൂരജിന്റെ മൊഴിയേക്കാൾ ഇവിടെ അന്വേഷണ സംഘത്തിന് സഹായം ചെയ്യുക.

ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത് പുലർച്ചെ രണ്ടുമണിയോടെയാണെന്നാണ് പറയുന്നത്. ഉത്രയെ അബോധാവസ്ഥയിൽ അമ്മ കണ്ടെത്തുന്നത് രാവിലെ ആറരയോടെയും. ഉഗ്രവിഷമുള്ള ഒരു പാമ്പ്  രണ്ട് തവണ കൊത്തിയ (പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്) ഒരാൾ ആ സമയത്തിനുള്ളിൽ മരിക്കാനാണ് സാധ്യത. മയക്ക് ഗുളികൾ കഴിച്ചിട്ടുള്ള ഉറക്കമാണെങ്കിൽ പോലും ശ്വാസം മുട്ടലിന്റെ അസ്വസ്ഥതകൾ ആ വ്യക്തിയിൽ നിന്നുണ്ടാകാം. അതിനേക്കാൾ പ്രധാനമായൊരു കാര്യം, വിഷം ശരീരത്തിൽ വ്യാപിച്ചിരിക്കുമെന്നതാണ്. കൈത്തണ്ടയിൽ കൊത്തിയതിനാൽ തന്നെ കൈഭാഗമെങ്കിലും വിഷം തീണ്ടിയ നിറത്തിലായിരിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ഉത്രയുടെ അമ്മയ്ക്ക് മനസിലാക്കാൻ സാധിച്ചില്ലേ? മകളെ അബോധാവസ്ഥയിൽ കണ്ടെന്നും ഉടൻ തന്നെ ബഹളം വയ്ക്കുകയും സൂരജും ഉത്രയുടെ സഹോദരനും വരികയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുമെന്നുമാണ് അമ്മ പറയുന്നത്.

ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പേ ഉത്ര മരിച്ചിരുന്നുവെന്നാണ് പറയുന്നത്. അവിടെ വച്ചാണ് പാമ്പ് കടിയേറ്റാണ് മരണമെന്നു വ്യക്തമായതെന്നും മൊഴികളിൽ പറയുന്നുണ്ട്. ഒരു തവണ പാമ്പ് കടിയേറ്റ് അമ്പത്തിരണ്ട് ദിവസത്തോളം നീണ്ട ചികിത്സയും കഴിഞ്ഞുവന്നൊരാളായിരുന്നു ഉത്രയെന്നതും കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം.