ഉത്രയുടെ മരണം: സൂരജിൻ്റെ മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ കേസെടുത്തു: സൂരജ് ഭയന്നിരുന്നതായി സുഹൃത്തിൻ്റെ മൊഴി

ഉത്രയുടെ മരണം: സൂരജിൻ്റെ മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ കേസെടുത്തു: സൂരജ് ഭയന്നിരുന്നതായി സുഹൃത്തിൻ്റെ മൊഴി

തേർഡ് ഐ ബ്യൂറോ

കൊല്ലം: സ്ത്രീധനം തിരികെ നൽകാതിരിക്കാൻ ഭാര്യയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിൻ്റെ മാതാപിതാക്കൾക്കെതിരെ കേസെടുത്തു. ഉത്രയുടെ മരണത്തിൽ ഇവർക്കും പങ്കുണ്ടെന്ന സൂചനകളെയും തെളിവുകളെയും തുടർന്നാണ് സൂരജിൻ്റെ മാതാപിതാക്കൾക്കും സഹോദരിയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്.

ഇതിനിടെ , ഉത്രയെ കൊല്ലാനായി പാമ്പുകളെ വാങ്ങിയ കാര്യം സൂരജ് സുഹൃത്തിനോട് പറഞ്ഞിരുന്നതായി മൊഴിയും പുറത്ത് വന്നു. സുഹൃത്തിനെയും സൂരജ് ഗുളിക വാങ്ങിയ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയെയും അടക്കം പോലീസ് ചോദ്യം ചെയ്തു. ഉത്രയുടെ മരണത്തില്‍ താന്‍ പിടിക്കപ്പെടുമെന്ന് സൂരജ് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യത്തിനായി വക്കീലിനെയും കണ്ടിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് സൂരജ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്രയുടെ മരണശേഷം സൂരജ് ഭയന്നിരുന്നതായും ഈ വിവരം ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം അറിഞ്ഞതെന്നുമാണ് സൂരജിന്റെ സുഹൃത്തിന്റെ മൊഴി. പാമ്പുകളെ വാങ്ങിയ കാര്യവും അപ്പോഴാണ് അറിയുന്നതെന്നും സുഹൃത്ത് പറഞ്ഞു. സൂരജിന്റെ രണ്ട് സുഹൃത്തുക്കളെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തിട്ടുള്ളത്.

വക്കീലിന്റെ നിര്‍ദേശപ്രകാരമാവാം സൂരജ് തെളിവെടുപ്പ് സമയത്ത് കുറ്റം സമ്മതിച്ചതും. അഭിഭാഷകനെ കാണാന്‍ സൂരജ് പോയതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേ സമയം സൂരജിന്റെ ജാമ്യത്തിനായി വീട്ടുകാര്‍ ശ്രമിക്കുന്നുണ്ട്. സെഷന്‍സ് കോടതി ജാമ്യം നിരസിക്കുമെന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം.

കേസിൽ സൂരജിന് പാമ്പുകളെ നൽകിയ പാമ്പ് പിടുത്തക്കാരൻ ആറ്റിങ്ങൽ സ്വദേശി സുരേഷിനെ മാപ്പ് സാക്ഷിയാക്കും. കേസിൽ സൂരജിനെതിരായ തെളിവ് ബലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സുരേഷിനെ മാപ്പ് സാക്ഷിയാക്കുന്നത്. എന്നാൽ പാമ്പിനെ കൈവശം വച്ചതിന് വനം വകുപ്പിൻ്റെ കേസിൽ സുരേഷ് പ്രതിയാകും.