video
play-sharp-fill

Saturday, May 17, 2025
HomeMainതൂക്കുകയറിൽ നിന്ന് ഒഴിവായി സൂരജ്; ഉത്ര വധക്കേസിൽ പ്രതി സൂരജിന് 17 വർഷത്തെ തടവിന് ശേഷം...

തൂക്കുകയറിൽ നിന്ന് ഒഴിവായി സൂരജ്; ഉത്ര വധക്കേസിൽ പ്രതി സൂരജിന് 17 വർഷത്തെ തടവിന് ശേഷം ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം പിഴയും; സൂരജ് ആയുഷ്കാലം അകത്ത് തന്നെ; വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.ഇരട്ട ജീവപര്യന്തംവിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. വധശിക്ഷനൽകേണ്ട അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിൽ പറയുന്നുവെങ്കിലും പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളുടെ മുൻകാല ചരിത്രമില്ല എന്നതും പരിഗണിച്ചാണ് കോടതി വധശിക്ഷയിൽ ഇളവ് ചെയ്തത്.

പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.തെളിവുകളും ദൃക്സാക്ഷികളുമില്ലാതിരുന്ന കേസ് മാസങ്ങൾക്ക് ശേഷം തെളിയിച്ചത് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ, അഡിഷണൽ എസ് പി മധുസൂദനൻ, ഡിവൈഎസ്പി അശോകൻ, നിലവിൽ കോട്ടയം വെസ്റ്റ് എസ് എച്ച് ഒ ആയ അനൂപ് കൃഷ്ണ എന്നിവരാണ്.

ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെത്തന്നെ ആദ്യസംഭവം. 2020 മേയ് ആറിനു രാത്രിയാണ് ഉത്രയ്ക്ക് സ്വന്തംവീട്ടിൽ വെച്ച് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2020 മാർച്ച് മൂന്നിന് സൂരജിന്റെ വീട്ടിൽവെച്ചും പാമ്പുകടിയേറ്റിരുന്നു.

ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ലോക്കൽ പോലീസ് കാര്യമായി അന്വേഷിച്ചില്ല. മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി. ഹരിശങ്കറിനെ കണ്ടതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴും ബലംപ്രയോഗിച്ച് കടിപ്പിക്കുമ്പോഴുമുള്ള വ്യത്യാസം മനസ്സിലാക്കാൻ ഡമ്മി പരീക്ഷണം നടത്തി. ഉത്രയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം എന്നിവയും കേസിൽ നിർണായകമായി.കഴിഞ്ഞവർഷം ഓഗസ്റ്റ് 14-ന് കുറ്റപത്രം സമർപ്പിച്ച കേസിൽ കോടതിയിൽ വിചാരണ നടപടികളും വേഗത്തിലായിരുന്നു. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിൽ ആദ്യം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയ പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിന്റെ കൈയിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്.

2020 മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽവച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടർന്ന് 2020 മേയ് ഏഴിന് മൂർഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്രയെ അണലിയെക്കൊണ്ടും മൂർഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുൻപ് പലതവണ സൂരജ് ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments