യുഎസ് അതിർത്തിയില്‍ അനധികൃതമായി പ്രവേശിക്കുന്ന ഇന്ത്യക്കാർ ചെറിയ കുട്ടികളെ ഉപേക്ഷിച്ചു പോകുന്നതായി ഞെട്ടിക്കുന്ന വിവരം പുറത്ത് :ആറു വയസിനു താഴെ മാത്രം പ്രായമുളള കുട്ടികളെയാണ് ഇങ്ങനെ ഉപേക്ഷിക്കുന്നത്.

Spread the love

ഡൽഹി: യുഎസ് അതിർത്തിയില്‍ അനധികൃതമായി പ്രവേശിക്കുന്ന ഇന്ത്യക്കാർ ചെറിയ കുട്ടികളെ ഉപേക്ഷിച്ചു പോകുന്ന രീതി പതിവായെന്നു റിപ്പോർട്ട്.
കൈയില്‍ മാതാപിതാക്കളുടെ പേരും ഫോണ്‍ നമ്പറും എഴുതിയ തുണ്ടു കടലാസ് അല്ലാതെ യാതൊന്നും ഇല്ലാത്ത അവസ്ഥയിലാണ് ഈ കുട്ടികളെ കണ്ടെത്തുന്നത്.
ആറു വയസിനു താഴെ മാത്രം പ്രായമുളള കുട്ടികളെയാണ് ഇങ്ങിനെ ഉപേക്ഷിക്കുന്നതെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം.

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ അനുസരിച്ചു 2024 ഒക്ടോബറിനും 2025 ഫെബ്രുവരിക്കും ഇടയില്‍ ഇങ്ങിനെ ഒറ്റപ്പെട്ട 77 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്‌. അധികം പേരെയും തെക്കു മെക്സിക്കോയോടു ചേർന്ന അതിർത്തിയിലാണ് കണ്ടത്. കാനഡ വഴി വന്നവരുമുണ്ട് — അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ച കുട്ടികള്‍. 2022നും 2025നും ഇടയില്‍ ഇത്തരം 1,656 കുട്ടികളെ കണ്ടെത്തി.

യുഎസില്‍ താമസിക്കാൻ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന ഒരു തന്ത്രത്തിന്റെ ഭാഗമാണിതെന്നു ഇമിഗ്രെഷൻ വിദഗ്‌ധർ പറയുന്നു. പലപ്പോഴും മാതാപിതാക്കള്‍ യുഎസില്‍ താമസമാക്കിയ ശേഷം മറ്റുള്ളവർക്കൊപ്പമാണ് കുട്ടികള്‍ വരുന്നത്. അതിർത്തിയില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ അധികൃതർ കണ്ടെടുത്തു മാതാപിതാക്കളെ ഏല്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലപ്പോള്‍ കുട്ടികളെ ആദ്യം അതിർത്തി കടത്തുന്നവരുണ്ട്. അവർ അകത്തുള്ളപ്പോള്‍ കൂടെ എത്തണം എന്ന ആവശ്യം ഉന്നയിച്ചു അകത്തു കടക്കുക എന്നതാണ് തന്ത്രം.
മാനുഷിക പരിഗണനയിലാണ് അവരൊക്കെ കടന്നു കൂടിയിരുന്നത്.

ഗുജറാത്തിന്റെ ഗ്രാമീണ മേഖലയിലാണ് ഈ പ്രവണത കൂടുതലെന്നു റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ജെഹുലാസാൻ, മൊകസൻ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഇത് കൂടുതല്‍.ട്രംപ് ഭരണം വന്ന ശേഷം ഈ ഏർപ്പാട് കുറഞ്ഞതായി കാണുന്നില്ല.