ബൈക്കിൽ കുടയും ചൂടിയുള്ള യാത്ര; അപകടം വിളിച്ചു വരുത്തും ഈ യാത്ര
സ്വന്തം ലേഖിക
മഴക്കാലമെത്തുന്നതോടെ ബൈക്കിൽ കുടയും ചൂടി യാത്ര ചെയ്യുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇങ്ങനെ യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം സാഹസികയാത്രയിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. ബൈക്കിൻറെ പിറകിലിരുന്ന് കുട തുറക്കുന്നത് മരണത്തെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇത്തരം യാത്രകൾ മൂലമുണ്ടാകുന്ന ഗുരുതര അപകടങ്ങളെക്കുറിച്ച് മനസിലാക്കാം.
അപകടങ്ങൾ
കുട കാഴ്ച മറയ്ക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തിൽ ഇത്തരം സാഹസങ്ങൾ കൂടിയാകുമ്പോൾ അപകടം ഉറപ്പാണ്.
ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടും
ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുമ്പോൾ സ്വാഭാവികമായും വാഹനം ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണവും ബൈക്കിന്റെ നിയന്ത്രണവും നഷ്‍പ്പെടും. അപകടം ഉറപ്പ്.
ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കാൻ ഒരുകൈ കൊണ്ട് സാധിക്കില്ല. മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണത്.
നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈകളിൽ
കുട നിവർത്തി ബൈക്കിൽ യാത്ര ചെയ്യുന്നവരെ കണ്ടാൽ താക്കീത് ചെയ്യുകയല്ലാതെ പിഴ ചുമത്താൽ നിയമമില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് നിങ്ങളുടെ വിലപ്പെട്ട ജീവന് മറ്റാരേക്കാളും നിങ്ങൾക്കു മാത്രമാണ് കൂടുതൽ ഉത്തരവാദിത്വം. അതു കൊണ്ട് ഒരിക്കലും ഈ സാഹസം ചെയ്യരുത്.