കയറ്റുമതിമേഖലയ്ക്കും വിതരണശൃംഖലയ്ക്കും തിരിച്ചടി…! ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; യുഎസ് കരട് വിജ്ഞാപനമിറക്കി

Spread the love

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച അർധരാത്രി പ്രാബല്യത്തില്‍വരും.

നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.
യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയം തിങ്കളാഴ്ച ഇതുസംബന്ധിച്ച കരടുവിജ്ഞാപനമിറക്കി.

യുഎസ് സമയം ബുധനാഴ്ച അർധരാത്രി 12.01-നുശേഷം (ഇന്ത്യൻസമയം പകല്‍ ഒൻപത്) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യൻ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യയില്‍ നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രൈൻ യുദ്ധത്തിനു സഹായംചെയ്യുന്നെന്നാരോപിച്ച്‌ ഈ മാസം ഏഴിനാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കി യുഎസുമായി കരാറുണ്ടാക്കുന്നതിനായി 21 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ചൊവ്വാഴ്ച അവസാനിച്ചു.

യുഎസ് ഉത്പന്നങ്ങള്‍ക്ക് ഉയർന്ന തീരുവ ചുമത്തുന്നെന്നാരോപിച്ച്‌ ഇന്ത്യക്ക് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം ഈ മാസം ഏഴിന് നിലവില്‍വന്നിരുന്നു.
യുഎസിന്റെ 50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിമേഖലയെയും വിതരണശൃംഖലയെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. 1,31,800 ഡോളറിന്റെ (11.54 ലക്ഷംകോടി രൂപ) ഉഭയകക്ഷിവ്യാപാരമാണ് 2024-25-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. 2024-ലെ കണക്കനുസരിച്ച്‌ 4800 കോടി ഡോളറിലധികമാണ് (4.20 ലക്ഷംകോടി രൂപ) യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി.

തുന്നിയ വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീൻ, തുകലുത്പന്നങ്ങള്‍, ചെരിപ്പ്, മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവവർധന കൂടുതല്‍ ബാധിക്കുക. ഗ്ലോബല്‍ ട്രേഡ് റിസർച്ച്‌ ഇനിഷ്യേറ്റിവിന്റെ കണക്കുപ്രകാരം ഇന്ത്യൻ കയറ്റുമതിയുടെ 66 ശതമാനവും (6020 കോടി ഡോളറിന്റെ) ഈ മേഖലകളില്‍നിന്നാണ്.

അതേസമയം മരുന്ന്, ഊർജോത്പന്നങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ ബാധിച്ചേക്കില്ല. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് യുഎസ് 50 ശതമാനം തീരുവ ചുമത്തിയിട്ടുള്ളത്.