കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് മർദിച്ച്‌ സ്വർണവും പണവും കവർന്നു ; രണ്ട് പേർ അറസ്റ്റിൽ

Spread the love

എറണാകുളം : കൊച്ചിയിലെത്തിയ  യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് മർദിച്ച്‌ 3.10 ലക്ഷം രൂപയുടെ മുതലുകള്‍ കവർന്ന കേസില്‍ രണ്ട് പേരെ എറണാകുളം സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരാണ് പോലീസ് പിടിയിലായത്. യുഎസ് പൗരനും ന്യൂയോർക്കില്‍ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി, ഇൻഫോപാർക്കില്‍ ഐടി കമ്ബനി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായാണ് കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിയത്.

 

മറൈൻ ഡ്രൈവിലെ ഷണ്‍മുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ശനിയാഴ്ച മദ്യം വാങ്ങാൻ ശ്രമിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ഡ്രൈ ഡേ കാരണം ലഭിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ സമയത്താണ് മറൈൻ ഡ്രൈവ് പരിസരത്ത് കറങ്ങി നടന്നിരുന്ന ആദർശ് സഹായവുമായി എത്തുന്നത്. ആദർശ് അനധികൃതമായി മദ്യം വാങ്ങി നല്‍കിയതിനെ തുടർന്ന് മദ്യപിക്കാനായി യുഎസ് പൗരനൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോവുകയും രാത്രി ഇരുവരും മുറിയില്‍ത്തന്നെ ഉറങ്ങുകയും ചെയ്തു.

 

ഞായറാഴ്ച രാവിലെ കോഴിക്കോട്ടേക്ക് പോകാനായി യുഎസ് പൗരൻ ഉണർന്ന് ആദർശിനെ വിളിച്ചുണർത്തുന്നതിന് മുൻപ് തന്നെ ആദർശ് തന്റെ സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന.

 

വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് യുഎസ് പൗരൻ തുറന്നപ്പോള്‍ പുറത്തുണ്ടായിരുന്നയാള്‍ കയറിപ്പിടിക്കുകയും ഈ സമയം ആദർശ് പിന്നില്‍ നിന്ന് പിടികൂടുകയുമായിരുന്നു.

 

തുടർന്ന് ഇരുവരും ചേർന്ന് ഇദ്ദേഹത്തെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയും തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ മൂന്ന് അക്കൗണ്ടുകളിലേക്ക് പ്രതികള്‍ നിർബന്ധിച്ച്‌ അയപ്പിച്ചു. കൂടാതെ 500 യുഎസ് ഡോളർ, സ്വർണമോതിരം, എടിഎം കാർഡ് എന്നിവയും തട്ടിയെടുത്തു.

 

തുടർന്ന് ഇരുവരും മുറി പുറത്തുനിന്ന് പൂട്ടി പുറത്തുപോയ ശേഷം എടിഎം കാർഡ് ഉപയോഗിച്ച്‌ 10,000 രൂപ വീതം നാല് തവണകളായി പിൻവലിച്ചു. ഇത്തരത്തില്‍ ആകെ 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

പിന്നീട് ഹോട്ടല്‍ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സെൻട്രല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞു.

 

ആദർശ് മരടിലുള്ള ഒരു ലോഡ്ജില്‍ ഉണ്ടെന്ന വിവരം ലഭിച്ച പോലീസ് അവിടെയെത്തിയെങ്കിലും ഇയാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.

 

ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പോലീസ് ആദർശിനെ സാഹസികമായി പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആകാശിനെ കുമ്ബളങ്ങിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

 

പള്ളുരുത്തിയില്‍ പോലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ആദർശ്. ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്.

യുഎസ് പൗരനില്‍ നിന്ന് കവർന്ന പണവും സ്വർണമോതിരവും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.