മുംബൈ: ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത 15 ഷിപ്മെന്‍റ് മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ ഏറ്റവും മാമ്പഴ കയറ്റുമതി വിപണിയാണ് യുഎസ്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്കോ, അറ്റ്ലാന്‍റ എയര്‍പോര്‍ട്ടുകളിലാണ് മാമ്പഴങ്ങള്‍ തടഞ്ഞത്. ഈ മാമ്പഴങ്ങള്‍ നശിപ്പിക്കാനോ തിരികെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനോ ആണ് നിര്‍ദ്ദേശം നല്‍കിയത്. ചരക്കുകൂലിയടക്കം നല്‍കി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനാല്‍ ഈ മാമ്പഴങ്ങള്‍ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവര്‍ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവി മുംബൈയിൽ മേയ് 8, 9 തീയതികളിൽ ഇറേഡിയേഷൻ നടപടികൾ പൂർത്തിയാക്കിയശേഷമായിരുന്നു യുഎസിലേക്കുള്ള മാമ്പഴക്കയറ്റുമതി. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷൻ നടത്തുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ. യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രികൾച്ചറിലെ ഒരു ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തിലാണ് ഇറേഡിയേഷൻ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും എന്നാല്‍ ഇറേഡിയേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ലോഡുകള്‍ തടഞ്ഞതെന്നാണ് കയറ്റുമതിക്കാർ വെളിപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഉദ്യോഗസ്ഥനാണ് കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം സർട്ടിഫൈ ചെയ്തു നൽകേണ്ടത്. ഓഫിസർ തെറ്റായ പിപിക്യു203 ആണ് നൽകിയതെന്നും ഇതാണ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിക്കാനിടയാക്കിയതെന്നും കയറ്റുമതിക്കാർ പ്രതികരിച്ചു. ഇത് മൂലം ഏകദേശം 5 ലക്ഷം ഡോളറിന്റെ (4.25 കോടി രൂപ) നഷ്ടമാണ് കയറ്റുമതിക്കാർ നേരിടുന്നത്.