
ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ യുഎസ് സമ്മതിച്ചതായി റിപ്പോർട്ട്. ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലുമായി കൈവശം വച്ചിരിക്കുന്ന ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ യുഎസ് സമ്മതിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ യുഎസ്-ഇറാൻ ചർച്ചകൾക്ക് സാധ്യതയേറി. വിഷയത്തിൽ യുഎസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ യുഎസ് സമ്മതിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്ക സമ്മതിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വൈറ്റ്ഹൗസ് നിഷേധിച്ചു.
10 ഇന നിർദേശങ്ങളിൽ ഒന്ന് ഇക്കാര്യമായിരുന്നു. ഖത്തറിന്റെ കൈവശം ഉണ്ടായിരുന്ന 6 ബില്യൺ ഡോളർ വരുന്ന ഇറാന്റെ ഫണ്ടാണ് വിട്ടുകൊടുക്കാൻ അമേരിക്ക സമ്മതിച്ചത്. എട്ട് വർഷം മുൻപ് 2018ലാണ് ഇറാന്റെ ഫണ്ട് മരവിപ്പിച്ചത്. യുഎസ്-ഇറാനിയൻ തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി 2023ൽ ഈ തുക കൈമാറേണ്ടതായിരുന്നു. എന്നാൽ 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതോടെ ജോ ബൈഡന്റെ ഭരണകൂടം ഫണ്ടുകൾ വീണ്ടും മരവിപ്പിക്കുകയായിരുന്നു. ഇപ്പോൾ മുന്നോട്ടുവച്ച വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ചർച്ചകൾ റദ്ദാക്കപ്പെടുമെന്ന് ഇറാനിയൻ സർക്കാർ വാർത്താ ചാനൽ അറിയിച്ചു.


