
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ ആഞ്ഞടിച്ച് നടി ഉർവശി.
എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല എന്നും സഹനടനായി വിജയരാഘവനെയും സഹനടിയായി തന്നെയും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തെന്നും ഉർവശി ചോദിച്ചു.’ഞങ്ങള്‍ തോന്നുന്നത് ചെയ്യും, നിങ്ങള്‍ വാങ്ങി പൊയ്‌ക്കോണം എന്ന സമീപനം അംഗീകരിക്കില്ല.
ഇങ്ങനെയാണെങ്കില്‍ അർഹിക്കുന്ന പലർക്കും കിട്ടില്ല. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ ഇത് പെൻഷൻ കാശല്ല.’ എന്നും ഉർവശി തുറന്നടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉർവശിയുടെ വാക്കുകള്‍ ഇങ്ങനെ:
‘ഷാരൂഖ് ഖാന്റെ പെർഫോമൻസും വിജയരാഘവന്റെ അഭിനയവും കണക്കാക്കിയ മാനദണ്ഡം ജൂറി വ്യക്തമാക്കണം. എന്ത് മാനദണ്ഡത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടു? ഒരാളെങ്ങനെ സഹനടനായി? മറ്റേയാള്‍ മികച്ച നടനായി? തീ എന്ന് പറഞ്ഞാല്‍ വാ പൊള്ളും എന്ന കാലം മാറണം. നികുതി കെട്ടിവച്ചാണ് ഞങ്ങളെല്ലാം അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുകയല്ല. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി അന്വേഷിച്ച് പറയണം.
ആടുജീവിതം എന്ന സിനിമ പരാമർശിക്കാതെ പോയി. എന്തുകൊണ്ട് നമ്മുടെ ഭാഷയ്‌ക്ക് അർഹിച്ച അംഗീകാരം ലഭിക്കാതെ പോയി? മികച്ച നടിയ്‌ക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ടുകൂടിയില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
ഇത് മലയാളത്തിന്റെ മാത്രം പ്രശ്‌നമല്ല തമിഴ് സിനിമയില്‍ നിന്നുമടക്കം നിരവധി പേർ വിളിച്ച് ഇക്കാര്യം പറഞ്ഞു. എനിക്ക് പിന്നാലെ ഇനിയും പലരും വരും എന്റെ കാര്യത്തില്‍ ചോദിച്ച് ക്ളാരിഫൈ ചെയ്‌തില്ലെങ്കില്‍ പിന്നാലെ വരുന്നവർക്ക് പിന്നെ എന്താണ് വിശ്വാസം? ഉർവശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ എന്ന് ഒരിക്കല്‍ റിമ കല്ലിങ്കല്‍ എന്നോട് പറഞ്ഞിരുന്നു. ആരെയും കുറ്റപ്പെടുത്താനല്ല ഇതൊന്നും പറയുന്നത്. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടുമതി അവാർഡ് വാങ്ങുന്നത്.’
ക്രിസ്റ്റോടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെയാണ് ഉർവശി അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്.ദേശീയ അവാർഡില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ ‘ഉള്ളൊഴുക്ക്’ മികച്ച മലയാള സിനിമയായി. ഇതാദ്യമായല്ല, ഉർവശിദേശീയ അവാർഡില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2006ല്‍ ‘അച്ചുവിന്റെ അമ്മ’യിലെ അഭിനയത്തിന് ലഭിച്ചദേശീയ അവാർഡും സഹനടിക്കുള്ളതായിരുന്നു. അന്ന് ജൂറി അംഗമായിരുന്ന ബി സരോജാ ദേവി ഉർവശിയാണ് മികച്ച നടിയെന്ന് വാദിച്ചു. മറ്റ് ജൂറി അംഗങ്ങള്‍ ചിത്രത്തില്‍ നായിക ഉർവശിയല്ലെന്ന വാദം മുന്നോട്ടു വച്ചു. ഇക്കാര്യങ്ങള്‍ പിന്നീട് സരോജാ ദേവി തന്നെ ഉർവശിയോട് പറയുകയും ചെയ്‌തിരുന്നു.