
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് നേടി. രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു.
തിരുവനന്തപുരം നാരുവാമൂട് സ്വദേശിനിയായ ജെ.എസ്. ശ്രീജ 57-ാം റാങ്ക് നേടി. കോഴിക്കോട് സ്വദേശിയായ അജയ് ആർ. രാജ് 109-ാം റാങ്കും മലയാളിയായ സിദ്ധാർഥ് എം. ജോയി 271-ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷിക്കാരനായ അജയ് ആർ. രാജിന്റെ വിജയം പ്രത്യേക ശ്രദ്ധ നേടുകയാണ്.
പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾ പിന്നിട്ടാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കിയത്. 2025 മെയ് 25-ന് പ്രിലിമിനറി പരീക്ഷയും ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷയും നടന്നു. ഫെബ്രുവരി 27-ന് അഭിമുഖ ഘട്ടം അവസാനിച്ചതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. upsc.gov.in, upsconline.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം പരിശോധിക്കാം. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് ഉൾപ്പെടെ 23 സേവനങ്ങളിലേക്കായി ആകെ 958 പേരാണ് ഇത്തവണ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്

Whatsapp Group 1 | Whatsapp Group 2 |Telegram Group


