
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷയുടെ അന്തിമഫലം ഉടൻ പ്രഖ്യാപിക്കും. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായതോടെ രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിക്കുകയാണ്. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാം.
2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് (ഇന്റർവ്യൂ) ഫെബ്രുവരി 27 ന് സമാപിച്ചു. സാധാരണയായി അഭിമുഖം അവസാനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അന്തിമഫലം പ്രസിദ്ധീകരിക്കാറുള്ളതിനാൽ ഫലം ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ അന്തിമഫലം ‘ഫൈനൽ റിസൾട്ട്’ വിഭാഗത്തിൽ പിഡിഎഫ് രൂപത്തിൽ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്രമത്തിൽ ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും അതിൽ ഉൾപ്പെടും. ഐഎഎസ് (IAS), ഐഎഫ്‌എസ് (IFS), ഐപിഎസ് (IPS) ഉൾപ്പെടെ 23 കേന്ദ്രസർവീസുകളിലേക്കാണ് ഈ പരീക്ഷയിലൂടെ നിയമനം നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


