ഉപ്പുതറയിൽ ജനവാസകേന്ദ്രത്തിൽ കരടി ഇറങ്ങി.വനപാലകർ കരടിക്കായി അന്വേഷണം തുടരുന്നു.
സ്വന്തംലേഖിക
ഉപ്പുതറ: ജനവാസമേഖലയിലെത്തി കർഷകനെ ആക്രമിച്ച കരടിയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പാലക്കാവ് പള്ളിക്കുന്നേൽ സാമുവലിനെ ( 76) കരടി ആക്രമിച്ചത്. കപ്പക്കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. അടുത്തുണ്ടായിരുന്നവർ കരടിയെ കല്ലെറിഞ്ഞോടിച്ചാണ് സാമുവലിനെ രക്ഷപ്പെടുത്തിയത്. ഇടതുകൈയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.വനാതിർത്തിയിൽ നിന്നും ഒരുകിലോമീറ്റർ അകലെ ജനവാസ മേഖലയിലാണ് കരടിയുടെ ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ വനപാലകർ വ്യാഴാഴ്ച രാത്രി മുതൽ കരടിക്കായി തിരച്ചിൽ തുടങ്ങി. വൈൽഡ് ലൈഫ് ഇടുക്കി റേഞ്ച് ഓഫീസർ വിനോദ് കുമാർ, ലോക്കൽ ഫോറസ്റ്റ് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസർ റോയ് വി.രാജൻ, ഫോറസ്റ്റർമാരായ സജി തോമസ്, ശെൽവരാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്.കാൽപ്പാടുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ കരടി ഉൾവനത്തിലേക്കു പോയിരിക്കാനാണു സാധ്യതയെന്ന് വനപാലകർ പറഞ്ഞു. പുലർച്ചെമുതൽ സന്ധ്യമയങ്ങുംവരെ മാത്രമേ കരടി ഇരതേടാറുള്ളു. ഈ സമയങ്ങളിൽ നിരീക്ഷണവും, തിരച്ചിലും തുടരാനാണ് വനപാലകരുടെ തീരുമാനം. ചെറുശേരി തടം, മുത്തംപടി താഴെ, മഞ്ചുചോല, കൂട്ടക്കല്ല് തുടങ്ങിയ ഭാഗങ്ങളിൽ കണ്ടതായി ആദിവാസികൾ പറയുന്നുണ്ടെങ്കിലും ആദ്യമായാണ് കരടി ജനവാസ മേഖലയിലെത്തുന്നത്.