
ഡല്‍ഹി: 2027ല്‍ താൻ വിരമിക്കുമെന്നാണ് 12 ദിവസങ്ങള്‍ക്ക് മുമ്പ് ജെഎൻയുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പറഞ്ഞത്.
എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിച്ച ധൻകർ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ആരോഗ്യ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ് ധൻകർ വിശദീകരിക്കുന്നതെങ്കിലും അത് തൊണ്ട തൊടാതെ വിഴുങ്ങാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല.
സഭാധ്യക്ഷനെന്ന നിലയില്‍ ഭരണപക്ഷത്തിന് അനുകൂലമായി രാജ്യസഭാ നടപടികളെ കൊണ്ടുപോകുന്നുവെന്ന് പ്രതിപക്ഷം നിരന്തരം ആക്രമിച്ചിരുന്നയാളാണ് ഉപരാഷ്ട്രപതി. ഒരുതവണ അദ്ദേഹത്തിനെതിരെ ഇംപീച്ചമെന്റ് പ്രമേയം വരെ സഭയില്‍ കൊണ്ടുവന്നെങ്കിലും ധൻകറിന്റെ അപ്രതീക്ഷിത രാജിയുടെ നടുക്കം പ്രതിപക്ഷത്തെ വിട്ടുമാറിയിട്ടില്ല. ധൻകർ രാജിവെച്ചെന്ന് പ്രഖ്യാപിച്ച് ഏറെ വൈകിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണം വന്നതെന്നതാണ് ശ്രദ്ധേയം. മാത്രമല്ല കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തില്‍ ഏറെനേരം നിശബ്ദരായിരുന്നുന്നുവെന്നതും ശ്രദ്ധേയമാണ്. ധൻകറിന്റെ രാജി ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. നിരവധി അഭ്യൂഹങ്ങളാണ് ധൻകറിന്റെ രാജിയുമായി ബന്ധപ്പെട്ട് പരക്കുന്നത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് അണിയറയില്‍ അഭ്യൂഹങ്ങള്‍ ഏറെയും. ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രതി സ്ഥാനത്തേക്കു കൊണ്ടുവന്നാല്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലക്ഷ്യത്തിലേക്ക് ബിജെപി എത്തും. നിതീഷിനെ ഉപരാഷ്ട്രപതിയാക്കിയാല്‍, ബിഹാർ തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാവും. ഇപ്പോഴും സീറ്റിന്റെ കാര്യത്തില്‍ ബിജെപിയാണ് മുന്നിലെങ്കിലും മുഖ്യമന്ത്രിസ്ഥാനം നിതീഷിന് കൊടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ച് ബിഹാറില്‍ പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവരികയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകള്‍. കാരണമില്ലാതെ നിതീഷിനെ മാറ്റിയാല്‍ ഉണ്ടാവുന്ന തിരിച്ചടി മറികടക്കാനാണ് ഉപരാഷ്ട്രപതി സ്ഥാനം നല്‍കി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റുന്നകാര്യം പരിഗണിക്കുന്നത്.
എന്നാല്‍, ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളില്‍ നിന്ന് നേരിട്ട അവഗണനയില്‍ മനംനൊന്താണ് ധൻകർ രാജിവച്ചതെന്നും പറഞ്ഞുകേള്‍ക്കുന്നു. 68 പ്രതിപക്ഷ എംപിമാർ ചേർന്ന് ജസ്റ്റിസ് വർമയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് നല്‍കിയിരുന്നു. താനത് അംഗീകരിച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ ഭരണപക്ഷം ലോക്സഭയില്‍ ഒരു പ്രമേയം കൊണ്ടുവരാൻ തുടങ്ങുകയായിരുന്നു. ഈ സമയത്താണ് പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ ഉപരാഷ്ട്രപതി തിടുക്കത്തില്‍ നടപടിയെടുത്തത്. അത് കേന്ദ്രസർക്കാരിന് ഇഷ്ടപ്പെട്ടില്ല എന്നാണ് അഭ്യൂഹങ്ങള്‍.
ഇത് സാധൂകരിക്കുന്ന വിധത്തില്‍ രാജ്യസഭാ നടപടിക്രമങ്ങള്‍ നിശ്ചയിക്കാൻ ധൻകർ വിളിച്ചുചേർത്ത ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തില്‍ ബിജെപി രാജ്യസഭാ കക്ഷി നേതാവ് ജെപി നദ്ദ പങ്കെടുത്തിരുന്നില്ല. മാത്രമല്ല പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവും യോഗത്തിനെത്തിയില്ല. ഇത് രാജ്യസഭാ ചെയർമാനെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മുമ്പ് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയില്‍ ധൻകറിനെതിരെ വിരല്‍ ചൂണ്ടി നദ്ദ സംസാരിച്ചതും കോണ്‍ഗ്രസ് ഉയർത്തിക്കാട്ടിയിരുന്നു.
അതേസമയം, ജുഡീഷ്യറിയുമായി നിരന്തരം ഏറ്റുമുട്ടുന്ന ധൻകറിന്റെ ചില പരാമർശങ്ങള്‍ കേന്ദ്രസർക്കാരിന് അലോസരമുണ്ടാക്കിയിരുന്നുവെന്നാണ് മറ്റൊരു അഭ്യൂഹം. ജുഡീഷ്യറിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ ഉപരാഷ്ട്രപതിയായതു മുതല്‍ പലതവണ അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. ഇതില്‍ പ്രധാനം കേന്ദ്രസർക്കാർ കൊണ്ടുവന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയന്റ്മെന്റ് കമ്മീഷൻ ആക്‌ട് സുപ്രീംകോടതി റദ്ദാക്കിയതിനെതിരെ ആണ്. ജുഡീഷ്യറി അതിരുകടക്കുന്നുവെന്നാണ് അന്ന് ധൻകർ പറഞ്ഞത്. ഇതുള്‍പ്പടെ അടുത്തിടെയും അദ്ദേഹം ജുഡീഷ്യറിക്കെതിരേ വിമർശനമുന്നയിച്ചിരുന്നു. ഈ രീതിയോട് കേന്ദ്രത്തിന് താത്പര്യമില്ലായിരുന്നുവെന്നാണ് പറയുന്നത്.