
അതീവ ജാഗ്രതയില്‍ രാജ്യം; പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ ഉത്തർപ്രദേശില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു:അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍
ന്യൂഡൽഹി: പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ ഉത്തർപ്രദേശില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നല്‍കിയതായി യുപി ഡിജിപി എക്‌സില്‍ അറിയിച്ചു. കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്.
26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈല്‍ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങള്‍ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുള്‍ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങള്‍ ആണ് തകർന്നത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ സർജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.
പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും പ്രത്യാക്രമണത്തിന് പിന്നാലെ സൈന്യം വിശദീകരിച്ചു. ആക്രമണം സ്ഥിരീകരിച്ച പാകിസ്ഥാൻ കൊല്ലപ്പെട്ടവർ നിരപരാധികള്‍ ആണെന്ന വാദവുമായി രംഗത്തെത്തി. ഏപ്രില്‍ 22 ന് ആയിരുന്നു പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരെയാണ് മതം ചോദിച്ച് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നില്‍ വെടിവെച്ചു കൊന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
