
ലക്നൗ: വിദ്യാർഥിനികൾ ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് അകന്നുനിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ഗവർണർ വിവാദപരാമർശം നടത്തിയത്. ‘ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എനിക്ക് പെൺകുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. ഇത്തരം ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ എന്താണ് സംഭവിക്കുകയെന്ന് വാർത്തകളിലൂടെ കണ്ടിട്ടുണ്ടാകാം. ലിവ് ഇൻ റിലേഷൻഷിപ്പിൽ അകപ്പെട്ടാൽ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം’- ആനന്ദിബെൻ പട്ടേൽ പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാർത്തകൾ കേൾക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും ഞാൻ ആലോചിക്കും. ഇത് എന്നെ വേദനിപ്പിക്കുന്നതാണ്-ലിവ് ഇൻ പങ്കാളികൾ തമ്മിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ആനന്ദിബെൻ പട്ടേൽ പറഞ്ഞു. നേരത്തെയും ആനന്ദിബെൻ ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ബല്ലിയയിലെ ജനനായക് ചന്ദ്രശേഖർ സർവകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങിലും ഗവർണർ ലിവ് ഇൻ റിലേഷൻഷിപ്പുകൾ പാടില്ലെന്ന് പ്രസംഗിച്ചിരുന്നു.
ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് സംസ്ഥാനത്തെ അനാഥാലയങ്ങൾ സന്ദർശിച്ചാൽ വെളിപ്പെടും എന്നാണിയുന്നു ഗവർണർ പറഞ്ഞത്. പതിനഞ്ചിനും ഇരുപതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ഒരു വയസ്സായ കുഞ്ഞുങ്ങളെയും കൊണ്ട് അനാഥാലയങ്ങളിൽ ക്യൂവിൽ നിൽക്കുന്നതു കാണാൻ കഴിയുമെന്നായിരുന്നു ഗവർണറുടെ വിവാദ പരാമർശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group