ഭർത്താക്കന്മാരുടെ ആയുസ്സിന് വേണ്ടി വ്രതം, പുലർന്നപ്പോൾ ഭാര്യമാരെ കാണാനില്ല; ഒപ്പം 30 ലക്ഷം രൂപയിലധികം വരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടു

Spread the love

അലിഗഡ് :ഉത്തരേന്ത്യയിൽ നിന്നും കർവാ ചൗത്തിന്റെ ഒരുപാട് ചിത്രങ്ങളും വീഡിയോകളും വാർത്തകളും എല്ലാം വരുന്നുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഉത്തർ പ്രദേശിൽ നിന്നും വരുന്നത്. ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമൊക്കെ വേണ്ടിയാണ് കര്‍വാ ചൗത്ത് നടത്താറുള്ളത്. വെള്ളം പോലും കുടിക്കാതെയുള്ള കഠിനവ്രതമാണ് ഇതിനായി സ്ത്രീകൾ ആചരിക്കാറുള്ളത്. എന്തായാലും, ഉത്തർ പ്രദേശിൽ നിന്നും വരുന്ന ഈ വാർത്ത പ്രകാരം കര്‍വാ ചൗത്ത് ആഘോഷിച്ചതിന് തൊട്ടുപിന്നാലെ 12 നവവധുമാർ 30 ലക്ഷം രൂപയിലധികം വരുന്ന പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞുവത്രെ.

അലിഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത് എന്നാണ് വിവിധ മാധ്യമങ്ങൾ എഴുതുന്നത്. വ്രതം നോറ്റ് ഉറങ്ങാൻ കിടന്ന ഭാര്യമാരെ നേരം പുലർന്നതോടെ കാണാതാവുകയായിരുന്നു. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തിയപ്പോൾ അവർ പണവും ആഭരണങ്ങളും കൊണ്ടാണ് കടന്നുകളഞ്ഞത് എന്ന് മനസിലാവുകയായിരുന്നു. ഇങ്ങനെ മുങ്ങുന്നതിന് മുമ്പായി കുടുംബത്തിനുള്ള ഭക്ഷണത്തിൽ ലഹരി കലർത്തി അവരെ മയക്കി കിടത്തിയ ശേഷമാണ് ഇവർ പണവും സ്വർണവുമായി മുങ്ങിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

സംഘടിതമായി നടത്തിയ ഒരു വൻ വിവാഹ തട്ടിപ്പിന്റെ ഭാഗമാണിതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സംശയിക്കുന്നത്. ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നും ബ്രോക്കർമാർ വഴിയാണ് ഈ സ്ത്രീകളെ കണ്ടെത്തിയതും വിവാഹങ്ങൾ നടന്നതും എന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഈ ബ്രോക്കർമാർക്ക് യുവാക്കളുടെ കുടുംബം വധുവിനെ കണ്ടെത്തി നൽകിയതിന് പിന്നാലെ വൻതുകകൾ കൈമാറിയതായും പറയുന്നു. ബ്രോക്കർമാരെ ചുറ്റിപ്പറ്റിയും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ, അവരെല്ലാം മുങ്ങിയിരിക്കുകയാണത്രെ. നാല് എഫ്ഐആർ ആണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group