ഉന്നാവ് പെൺകുട്ടിയുടെ ചികിത്സ ലഖ്‌നൗവിൽ തന്നെ തുടരാൻ സുപ്രിംകോടതി; ആശങ്കയായി കടുത്ത പനി
സ്വന്തം ലേഖിക
ന്യൂഡൽഹി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിയെ തൽക്കാലം ഡൽഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീകോടതി. പെൺകുട്ടിയുടെ ചികിത്സ ലഖ്നൗവിലെ ആശുപത്രിയിൽ തന്നെ തുടരും.
ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വെന്റിലേറ്ററിൽ തുടരുന്ന പെൺകുട്ടിയെ ഡെൽഹിയിലേക്ക് കൊണ്ടുപോകാൻ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളും വിസമ്മതിച്ചു. നിലവിൽ ഇവിടെ നിന്ന് തന്നെ പരമാവധി ചികിത്സ ലഭ്യമാകുന്നുണ്ട്. അതിൽ തങ്ങൾ തൃപ്തരാണ്. അപകടം പറ്റിയത് മുതൽ അവൾ അബോധാവസ്ഥയിലാണ്. ചെറിയ പുരോഗതി ഉണ്ടായാൽ മാറ്റാമെന്നും കുടുംബം അറിയിച്ചു.
ഡോക്ടർമാരുടെ അനുമതിയോടെ പെൺകുട്ടിയെ ഉടൻ ഡൽഹിയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു.അതേസമയം, യുപി റായ്ബറേലിയിലെ ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തിഹാർ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
പെൺകുട്ടിയുടെ കുടുംബത്തിന് ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സ തുടരുന്നതാണ് താൽപര്യമെന്ന കാര്യം സുപ്രീംകോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ ആരോഗ്യനിലയ്ക്കാണ് പ്രഥമ പരിഗണനയെന്ന് കോടതി പറഞ്ഞു. പെൺകുട്ടിയെ തിരിച്ചറിയുന്ന ഒന്നും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു.
ജയിലിൽ കഴിയുന്ന അമ്മാവനെ കണ്ട് മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയുടെ കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുൽദീപ് സിംഗ് സെംഗാറിനും പത്ത് പേർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group