ഉന്നാവോ പീഡനക്കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി:ഉന്നാവോ കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് പരിഗണിക്കും. പെൺകുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത്.കത്തയച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.

അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോയിലെ പെൺകുട്ടിയും കുടുംബം തനിക്ക് അയച്ച കത്ത് കിട്ടാൻ വൈകുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിശദീകരണം തേടി. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 12-നാണ് ഉന്നാവോ പെൺകുട്ടി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. ബി.ജെ.പി എം.എൽ.എക്കെതിരെയുള്ള ബലാംത്സംഗക്കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കുടുംബത്തെ മുഴുവൻ കള്ളക്കേസിൽപ്പെടുത്തി ജയിലിലാക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പെൺകുട്ടിയുടെ കത്തിൽ പറയുന്നത്. പെൺകുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേർന്നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്.

എന്നാൽ ജൂലായ് 12-ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തിൽ വിശദീകരിച്ചിരിക്കുന്നത്.

‘കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചിലർ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്റെ കുടുംബത്തെ കള്ളക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്’, എന്ന് കത്തിൽ പെൺകുട്ടി പറയുന്നു.

കത്തെഴുതി ദിവസങ്ങൾക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തിൽ അവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അതേസമയം കുൽദീപിനെതിരെ പരാതി നൽകാൻ പോയപ്പോൾ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. എഫ്ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കുൽദീപ് ജയിലിൽനിന്ന് ഫോണിൽ ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ സിബിഐ കേസെടുത്തു.കുൽദീപ് സിംഗ് സെംഗാർ അടക്കം പത്തുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സാക്ഷിമൊഴികളുടെയും മറ്റും അടിസ്ഥാനത്തിലാണ് കുൽദീപ് സിംഗ് സെംഗാറിനും മറ്റ് ഒമ്ബതുപേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന 20 പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എംഎൽഎക്കും കൂട്ടർക്കുമെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലിയിലെ കുൽബർഗി പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങളിലടക്കം വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം കാർ അപകടത്തിൽ മരിച്ച, ഉന്നാവ പെൺകുട്ടിയുടെ അമ്മായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉന്നാവിലെ ഗംഗാ ഘട്ട് ശ്മശാനത്തിലാണ് സംസ്‌കാരം. കാർ അപകടത്തിൽ മരിച്ച ഭാര്യയുടെ അന്ത്യകർമങ്ങൾ നിർവഹിക്കാനാൻ പെൺകുട്ടിയുടെ അമ്മാവൻ മഹേഷ് സിംഗിന് പരോൾ അനുവദിച്ചു. ഒരു ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ നില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ് . വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പെൺകുട്ടിയുടെ ചികിത്സാ ചെലവ് യു .പി സർക്കാർ ഏറ്റെടുത്തിരുന്നു.വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രതികരിക്കാത്തതും പ്രതിപക്ഷ വിമർശനം ശക്തമാക്കിയിട്ടുണ്ട്.