എനിക്ക് മരിക്കേണ്ട,എന്നെ നശിപ്പിച്ചവർക്ക് വധശിക്ഷ നൽകണം ; ഉന്നാവ് പെൺകുട്ടിയുടെ അവസാനവാക്കുകൾ ഇങ്ങനെ ; പ്രതികളെ ഉടൻ തൂക്കണമെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷൻ
സ്വന്തം ലേഖിക
ഉന്നാവ് : ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റ് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും ഉന്നാവ് പെൺകുട്ടി ആവശ്യപ്പെട്ടത് ‘എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം’ എന്നായിരുന്നു. പെൺകുട്ടിയുടെ സഹോദരനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സഹോദരിയെ കെട്ടിപ്പിടിച്ചപ്പോൾ അവൾ തന്നോട് അവസാനമായി ആവശ്യപ്പെട്ടത് ഇത് മാത്രമായിരുന്നെന്ന് സഹോദരൻ പറഞ്ഞു. ‘തന്നെ ആക്രമിച്ച ഒരാളെ പോലും വെറുതെ വിടരുത്. അവർക്ക് ശിക്ഷ കിട്ടിയെന്ന് ഉറപ്പാക്കണം. പ്രതികളെ തൂക്കിലേറ്റണം’ – ഇതായിരുന്നു അവൾ അവസാനമായി തന്നോട് പറഞ്ഞതെന്ന് സഹോദരൻ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്ന് സഹോദരിക്ക് വാക്ക് കൊടുത്തെന്നും സഹോദരൻ കൂട്ടിച്ചേർത്തു. കേസിലെ പ്രധാന പ്രതികളായ ശിവം ത്രിവേദി ബന്ധു ശുഭം ത്രിവേദി, റാം കിഷോർ, ഹരിശങ്കർ ത്രിവേദി എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഉന്നാവിലെ ഹിന്ദുനഗറിൽ വെച്ച് ആക്രമിച്ചത്.
പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷമാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ശരീരത്തിൽ തീ പടർന്നെങ്കിലും പെൺകുട്ടി സംഭവസ്ഥലത്ത് നിന്ന് നാട്ടുകാരുടെ അടുത്തേക്ക് ഓടി.
ശരീരത്തിൽ തീ പടർന്നപ്പോഴും പെൺകുട്ടി ഒരു കിലോമീറ്റർറോളം രക്ഷിക്കണേ എന്ന് കരഞ്ഞുകൊണ്ട് ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഒരു അഗ്‌നിഗോളം പോലെ ഓടുമ്‌ബോഴും പോലീസിനെ ഫോണിൽ വിളിക്കാനും അവൾ ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
പെൺകുട്ടിയെ അപകടാവസ്ഥയിൽ കണ്ട നാട്ടുകാർ തന്നെയാണ് പോലീസിൽ വിവരമറിയിച്ചതും ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചതും. ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകും വഴി പെൺകുട്ടി പൊലീസിനോട് സംസാരിച്ച് പ്രതികൾക്കെതിരെ മൊഴി കൊടുത്തിരുന്നു.
ഈ സംഭവത്തിൽ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മളിവാൾ.
കേന്ദ്രസർക്കാരിനോടും ഉത്തർപ്രദേശ് സർക്കാരിനോടുമാണ് അവർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഉന്നാവിൽ മരണത്തിന് കീഴടങ്ങിയ യുവതിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.