play-sharp-fill
എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിന് മുന്നിൽ മന്ത്രി ആർ.ബിന്ദു നിരത്തിയത് കോടികളുടെ കണക്ക്; ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് കോടികൾ; ചെലവിട്ടത് യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്, ഇത് ആദ്യത്തെ സംഭവം, നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ

എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിന് മുന്നിൽ മന്ത്രി ആർ.ബിന്ദു നിരത്തിയത് കോടികളുടെ കണക്ക്; ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് കോടികൾ; ചെലവിട്ടത് യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്, ഇത് ആദ്യത്തെ സംഭവം, നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് കോടികൾ ചെലവാക്കിയിരിക്കുന്നത്. കോടതി ചെലവുകൾക്കായി വിവിധ സർവകലാശാലകളുടെ ഫണ്ടിൽനിന്ന് ചെലവിട്ടത് ഒരു കോടി 13 ലക്ഷം രൂപയാണെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.

കണ്ണൂർ വി.സി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും കുഫോസ് വി.സിയായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും സാങ്കേതി സർവ്വകലാശാല വി.സി യായിരുന്ന ഡോ: എം.എസ്. രാജശ്രീ ഒന്നരലക്ഷം രൂപയും കാലിക്കറ്റ് വി.സി ഡോ: എം.കെ. ജയരാജ് 4.25 ലക്ഷം രൂപയും കുസാറ്റ് വി.സി ഡോ: കെ. എൻ. മധുസൂദനൻ 77,500 രൂപയും മലയാളം സർവകലാശാല വി.സിയായിരുന്ന ഡോ: വി. അനിൽകുമാർ ഒരു ലക്ഷം രൂപയും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വി.സി ഡോ. മുബാറക് പാഷ 53,000 രൂപയും സർവ്വകലാശാല ഫണ്ടിൽനിന്ന് ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ചോദ്യംചെയ്തുള്ള ഹർജ്ജിയിൽ കോടതി ചെലവിനായി എട്ടുലക്ഷം രൂപ നാളിതുവരെ കണ്ണൂർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവാക്കിയതായും സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ള സ്‌പെഷ്യൽ ലീവ് പെറ്റീഷനിൽ വിചാരണ പൂർത്തിയാകാത്തതുകൊണ്ട് പ്രസ്തുത കേസിന്റെ ചെലവുകൾ സർവ്വകലാശാല നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി വിധിയെ തുടർന്ന് വിവിധ സർവകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ച വൈസ് ചാൻസലർമാരാണ് കേസ് നടത്താൻ സർവകലാശാല ഫണ്ട് ഉപയോഗിച്ചത്. നിയമസഭയിൽ എൽദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ വിശദമായ കണക്ക് വെളിപ്പെടുത്തിയത്.

സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. എന്നാൽ, ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യംചെയ്യുന്നതിന് സർവ്വകലാശാല ഫണ്ടിൽനിന്ന് തുകചെലവിടുന്നത് ആദ്യമായാണ്. ഇത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർതന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്.

കണ്ണൂർ വി.സിയും കുഫോസ് വി.സിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിന് മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിനെ പ്രത്യേകമായി ചുമതലപെടുത്തുകയായിരുന്നു. കാലിക്കറ്റ് വി.സി, ഹൈക്കോടതിയിലെ യൂണിവേഴ്‌സിറ്റി സ്റ്റാൻഡിങ് കൗൺസലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിന് നാലേകാൽ ലക്ഷം രൂപയാണ് യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത്.