യൂണിവേഴ്‌സിറ്റി ജീവനക്കാരിയെ കടന്നു പിടിച്ചു: പ്രതിയായ പേരൂർ സ്വദേശിയ്ക്ക് രണ്ടു വർഷം തടവും പിഴയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ: എം.ജി സർവകലാശാല ക്യാമ്പസിനുള്ളിൽ ജീവനക്കാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പേരൂർ സ്വദേശിയ്ക്ക് രണ്ടു വർഷം തടവും പിഴയും. പേരൂർ പള്ളിക്കൂടംകവലയിൽ മണ്ണൂശേരി വീട്ടിൽ പാർത്ഥന്റെ മകൻ ശ്രീജിത്തി(37)നെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. രണ്ടു വർഷത്തിൽ ഒരു വർഷം കഠിനതടവ് അനുഭവിക്കുകയും പതിനായിരം രൂപ പിഴയായി അടയ്ക്കുകയും ചെയ്യണം.
2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. സർവകലാശാല ക്യാമ്പസിൽ പുരുഷ ഹോസ്റ്റലിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന സർവകലാശാല ജീവനക്കാരിയായ യുവതിയെ പ്രതിയായ ശ്രീജിത്ത് കടന്നു പിടിക്കുകയായിരുന്നു. ബൈക്കിൽ വരികയായിരുന്ന ശ്രീജിത്ത് യുവതിയെ കണ്ട് ബൈക്ക് നിർത്തി കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് പ്രതിയ്‌ക്കെതിരെ ശിക്ഷവിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.അനുപമ കോടതിയിൽ ഹാജരായി.