
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായി ഇന്ന് കേരളത്തിലെത്തും. രാത്രി പത്തിന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നാളെ രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. ഓഫിസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. തുടർന്നാണ് ഉദ്ഘാടനം. ഇവിടെ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.
പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാർഡുതല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാർഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്.
മറ്റു ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതിയിലുള്ളവരും പഞ്ചായത്തു മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളും വെർച്വലായി സമ്മേളനത്തിൽ പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തിൽ സമ്മേളനത്തിന്റെ ഭാഗമാകുന്നത്. വാർഡുതല നേതൃസംഗമത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം പാർട്ടി ആരംഭിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group