
ഡല്‍ഹി: ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യൻ സമ്പദ്ഘടന എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇന്ത്യൻ സമ്പദ്ഘടന എല്ലാ വിഭാഗങ്ങളേയും ഉൾകൊള്ളുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്ന സാഹചര്യത്തിൽ ഇതൊരു വെല്ലുവിളിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ദശാബ്ദം അവസാനിക്കുന്നതിനുമുമ്പ് ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ്ഘടനയാക്കുക എന്നതാണ് പ്രധനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്.
എന്നാല്‍, പ്രതീക്ഷിച്ച ഫലം തെരഞ്ഞെടുപ്പില്‍ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ പലതിന്റെയും നടത്തിപ്പ് അതീവ സങ്കീർണ്ണമാക്കുകയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. അതിന് ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക രംഗത്തെ ഒരു സൂപ്പർ പവർ ആകാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി, ലക്ഷക്കണക്കിന് ആളുകള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് തൊഴില്‍ ഇല്ല എന്നതാണ് എന്നും റിപ്പോർട്ടില്‍ പറയുന്നു. തൊഴിലെടുക്കാൻ പ്രാപ്തിയുള്ള സ്ത്രീകളില്‍ ഏകദേശം 460 ദശലക്ഷം സ്ത്രീകള്‍ക്കാണ് തൊഴില്‍ ഇല്ലാത്തത്.
ഇത് യൂറോപ്യൻ യൂണിയന്റെ മൊത്തം ജനസംഖ്യയില്‍ അധികം വരുമെന്നും സി എൻ എൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ സ്ത്രീകളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ മുൻതലമുറയേക്കാള്‍ വിദ്യാഭ്യാസമുള്ളവരും ജീവിതത്തില്‍ ഉയരാൻ കൊതിക്കുന്നവരുമാണ്.
സ്ത്രീകള്‍ക്ക് ഇത്തരമൊരു അവസ്ഥ വന്നതില്‍ പ്രധാന ഉത്തരവാദിത്തം ഇന്ത്യൻ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന യാഥാസ്ഥികത്വത്തിനാണെന്ന് തമിഴ് നാട്ടില്‍ നിന്നുള്ള ഗുണശ്രീ തമിള്‍ഷെല്‍വൻ എന്ന 22 കാരിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി സി എൻ എൻ പറയുന്നു. എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത ഈ യുവതി, തമിഴ്‌നാട്ടിലുള്ള, പല പ്രമുഖ ബ്രാൻഡ് സ്മാർട്ട് ഫോണുകള്‍ക്കും ചാർജ്ജർ നിർമ്മിച്ചു നല്‍കുന്ന ഒരു കമ്പനിയിലാണ് ജോലിചെയ്യുന്നത്.
സാമ്പത്തിക സ്വാശ്രയത്വത്തിനായി വീട്ടിലും തൊഴിലിടത്തും ഏറെ ക്ലേശങ്ങളാണ് സഹിക്കേണ്ടി വരുന്നത്. എന്നാല്‍, ഇപ്പോള്‍ ഗുണശ്രീയെ ഒരു വിവാഹത്തിനായി രക്ഷകർത്താക്കള്‍ നിർബന്ധിക്കുകയാണ്. യാഥാസ്ഥിക കുടുംബങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ ജോലിക്ക് പോകുന്ന പതിവ് ഇല്ലാത്തതിനാല്‍, ജോലി ഉപേക്ഷിക്കണമെന്ന് വീട്ടുകാർ നിർബന്ധം പിടിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു.
താൻ ജോലിക്ക് പോകുന്നത് തന്റെ പിതാവിന് ഇഷ്ടമല്ലെന്നും പത്ത് മാസത്തിനുള്ളില്‍ ഉപേക്ഷിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും യുവതി പറഞ്ഞു. അതുകഴിഞ്ഞ് അവർക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തുമത്രെ.
ഇനി വിവാഹം കഴിഞ്ഞാലും സ്ത്രീക്ക് ജോലിക്ക് പോകണമെങ്കില്‍ ഭർത്താവിന്റെയും, ഭർത്താവിന്റെ മാതാപിതാക്കളുടെയും ദയക്കായി യാചിക്കേണ്ട അവസ്ഥയാണെന്നും ഗുണശ്രീ പറഞ്ഞതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. തൊഴിലിടത്താണെങ്കില്‍ പലപ്പോഴും സ്വന്തം കഴിവ് തെളിയിക്കുന്നതിനായി പുരുഷ മേധാവിത്വത്തിനെതിരെ പോരാടേണ്ടതായും വരുന്നു.
ഇതിന്റെയൊക്കെ ഫലമായി തൊഴിലെടുക്കാൻ കഴിവുള്ള പ്രായപരിധിയില്‍ പെട്ട ഇന്ത്യൻ സ്ത്രീകളില്‍ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഇപ്പോള്‍ രാജ്യത്തിന്റെ തൊഴിലാളി സൈന്യത്തില്‍ സജീവമായിട്ടുള്ളത് എന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരമാണിത്. ഇക്കാര്യത്തില്‍ ലോക ശരാശരി 50 ശതമാനത്തോളം വരും. സ്ത്രീകളില്‍ 50 ശതമാനം പേരെങ്കിലും ജോലിക്ക് പോകാൻ തീരുമാനിച്ചാല്‍ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 9 ശതമാനമാകും എന്നാണ് 2018ല്‍ ലോകബാങ്ക് പറഞ്ഞത്.
അന്ന് ഇന്ത്യക്ക് കൈവരിക്കാനായത് 8.2 ശതമാനത്തിന്റെ വളർച്ചയായിരുന്നു. മോദിയുടെ 10 വർഷത്തെ ഭരണത്തില്‍ ഇന്ത്യ സാമ്പത്തികമായി വൻ കുതിപ്പ് നടത്തി എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കാക്കുന്നത്.
മാത്രമല്ല, ഇതേ രീതിയില്‍ മുൻപോട്ട് പോയാല്‍, 2027 ആകുമ്പോഴേക്കും ഇന്ത്യയെ, അമേരിക്കക്കും ചൈനയ്ക്കും മാത്രം പിന്നിലായി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്താനാകുമെന്നും അവർ പറയുന്നു.