play-sharp-fill
കേരളത്തിൽ നടക്കുന്നത് ‘ഡിപ്ലോമ രോഗം’, വിദ്യാഭ്യാസമെന്നത് സർട്ടിഫിക്കറ്റ് ശേഖരിക്കാനുള്ള ആചാരം മാത്രം; ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് മുരടിക്കുന്നത് യുവാക്കളുടെ ജീവിതം; ബിരുദവും ബിരുദാനന്തരബിരുദവും ഉണ്ടായിട്ടും കേരളത്തിലെ യുവാക്കൾ തൊഴിൽരഹിതർ

കേരളത്തിൽ നടക്കുന്നത് ‘ഡിപ്ലോമ രോഗം’, വിദ്യാഭ്യാസമെന്നത് സർട്ടിഫിക്കറ്റ് ശേഖരിക്കാനുള്ള ആചാരം മാത്രം; ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് മുരടിക്കുന്നത് യുവാക്കളുടെ ജീവിതം; ബിരുദവും ബിരുദാനന്തരബിരുദവും ഉണ്ടായിട്ടും കേരളത്തിലെ യുവാക്കൾ തൊഴിൽരഹിതർ

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നമ്മുടെ രാജ്യത്തുടനീളം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ചുവർഷങ്ങ ളായി ബിരുദ-ബിരുദാനന്തരബിരുദധാരികളായ ഏറെ മലയാളി ചെറുപ്പക്കാർ തൊഴിൽരഹിതരാണ്. 2021ലെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ യുവാക്കളിൽ 10.9 ശതമാനം പേർ തൊഴിൽരഹിതരാണ്.

ഇത് ദേശീയ ശരാശരിയായ 4.8 ശതമാനത്തിന്റെ ഇരട്ടിയിൽ കൂടുതലാണ്. സ്കൂളുകളിലും കോളേജുകളിലും പഠിച്ചിട്ടും നമ്മുടെ കുട്ടികൾക്ക് അവരുടെ ബിരുദങ്ങൾകൊണ്ട് ജോലിനേടാൻ കഴിയുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.


യോഗ്യതാ സർട്ടിഫിക്കറ്റുകൾ ശേഖരിക്കുമ്പോൾ അവർ നേടുന്ന കഴിവുകൾ അവർക്കു ജോലി ചെയ്യാൻ ആവശ്യമായ കഴിവുകളുമായി പൊരുത്തപ്പെടാത്തതിനാലാണിത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ സിവിൽ സർവീസുകാരെ നിയമിച്ചിരുന്ന കാലം മുതൽ തുടങ്ങിയതാണ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തൊഴിൽ യോഗ്യതയായി ഉപയോഗിക്കുന്ന രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഷ്പക്ഷത ഉറപ്പിക്കാൻ സർട്ടിഫിക്കറ്റുകൾ വസ്തുനിഷ്ഠ മെട്രിക് ആയി ഉപയോഗിച്ചിരുന്നു. പക്ഷേ, അക്കാലത്ത് സിവിൽ സർവീസുകാരെ നിയമിച്ചത് ആജീവനാന്ത കാലത്തേക്കായിരുന്നു. ഇന്നതല്ല സ്ഥിതി.

ജീവിതകാലം മുഴുവൻ ചുമതലകൾ നിർവഹിക്കാൻ ആവശ്യമായ കഴിവുകൾ, അൽപകാലം മാത്രം ജോലി ചെയ്യാൻ ആവശ്യമുള്ളവയിൽ നിന്നും ഏറെ വ്യസ്ത്യസ്തമാണ്. എന്തെന്നാൽ ജോലികൾ പഠിച്ചെടുക്കാൻ കിട്ടുന്ന സമയം ഇപ്പോൾ വളരെ കുറവാണ്.

ഇന്നത്തെ ചെറുപ്പക്കാർ അവരുടെ കരിയറിൽ 5-8 തവണ എങ്കിലും ജോലികൾ മാറുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ഈ സെലക്ഷൻ സംവിധാനങ്ങൾ നമ്മൾ പിന്തുടരുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഏറെ പ്രസക്‌തിയുണ്ട്.

തൊഴിൽ യോഗ്യതയുടെ സൂചകങ്ങളായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളെ ആശ്രയിക്കുന്നത് സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. തൊഴിൽരഹിതരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച്, കമ്പനികൾ ജോലികൾക്ക് ആവശ്യമായ യോഗ്യതകളും വർധിപ്പിക്കുന്നു.

കാരണം, കിട്ടാവുന്നതിൽ വച്ചു ഏറ്റവും മികച്ച ഉദ്യോഗാർത്ഥികളെയാണല്ലോ അവരും തിരയുന്നത്. ഇത് വിദ്യാർത്ഥികളെ കൂടുതൽ വിദ്യാഭ്യാസ യോഗ്യത നേടാൻ നിർബന്ധിക്കുന്നു. ലഭ്യമായ ജോലി നിർവഹിക്കുന്നതുമായി ഇതിനു യാതൊരു ബന്ധവും ഉണ്ടായിക്കൊള്ളണമെന്നില്ല.

ഈ ഓട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഉദ്ദേശം – നമ്മുടെ ബൗദ്ധികവികസനം – നാം മറന്നുപോകുന്നു. അങ്ങനെ വിദ്യാഭ്യാസം സർട്ടിഫിക്കറ്റ് ശേഖരിക്കാനുള്ള വിദ്യാർത്ഥികൾ വിമുഖതയോടെ ചെയ്യുന്ന വെറും ഒരാചാരമായി മാറുന്നു. വിദ്യാഭ്യാസ പണ്ഡിതന്മാർ ഇതിനെ ‘ഡിപ്ലോമ രോഗം’ എന്ന് വിളിക്കുന്നു.

കുട്ടികൾക്ക് വിദ്യാഭ്യാസത്തോടുള്ള നീരസത്തിന് നാം കനത്ത സാമൂഹിക വില നൽകേണ്ടി വരും. ഈ നീരസം ജോലിയിൽ, പ്രത്യേകിച്ചും വീണ്ടും പുതിയകാര്യങ്ങൾ പഠിക്കേണ്ടിവരുമ്പോൾ ആവർത്തിക്കും. ഇത്തരം മനോഭാവംകൊണ്ട് അവർ സന്തുഷ്ടരും ഉൽപാദനക്ഷമരുമായ ജീവനക്കാരാകുന്നതെങ്ങനെയാണ്?

ഇത്തരം ആളുകൾ മൂല്യവത്തായ ഈ സർട്ടിഫിക്കറ്റുകൾ നേടുന്നതിന് വിജയിക്കേണ്ട അവസാന പരീക്ഷകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടുതന്നെ അവസാന പരീക്ഷയിൽ വിജയിക്കാൻ ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മുൻവർഷത്തെ ചോദ്യപേപ്പറുകൾ നോക്കി വീണ്ടും ചോദിയ്ക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മാത്രം പഠിപ്പിക്കുക, അറിയാവുന്ന കുറച്ചു കാര്യങ്ങൾ ആവർത്തിച്ച് ചൊല്ലിക്കുക എന്നിവ ഇതിനുള്ള ചിലവഴികൾ മാത്രം. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളോടുള്ള നമ്മുടെ അങ്ങേയറ്റത്തെ ശ്രദ്ധയും അതിനിടയിലുള്ള എല്ലാ ക്ലാസ്സുകളോടുമുള്ള അവഗണനയും ഇങ്ങനെ ഉണ്ടാകുന്നതാണ്.

പരീക്ഷയെ കേന്ദ്രീകരിച്ചുള്ള അധ്യാപനം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൈപുണ്യക്കുറവിന് കാരണമാകുന്നു. അത് കോളേജിൽ പോകുമ്പോഴും അവർ തുടരുന്നു. നൂറുകണക്കിന് ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തിയാൽ അറിയാം സ്വന്തം മേഖലയെക്കുറിച്ചു വ്യക്‌തമായി സംസാരിക്കാനോ, അഞ്ചക്കമുള്ള സംഖ്യകൾ വായിക്കാനോ കഴിയാത്ത നിരവധി ബിരുദാനന്തര ബിരുദധാരികളുണ്ട്.

2023 ലെ ആനുവൽ സ്റ്റേറ്റ് ഓഫ് എജ്യുക്കേഷൻ (Annual State of Education) റിപ്പോർട്ടിൽ നിന്നുള്ള കണ്ടെത്തലുകൾ ഇത് സാധൂകരിക്കുന്നു. കേരളത്തിലെ 14 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പകുതിയോളം പേർക്ക് മാത്രമേ ചെറിയ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന വിഭജനം (division) ചെയ്യാൻ കഴിയുന്നുള്ളൂ.

17-18 പ്രായത്തിൽ, 40% പേർക്ക് ഇപ്പോഴും വിഭജിക്കാൻ അറിയുന്നില്ല, 12% പേർക്ക് രണ്ടാം ക്ലാസ്സിലെ പാഠപുസ്‌തകം വായിക്കാൻപോലും കഴിയുന്നില്ല. അതിനാൽ, നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതും ജീവിക്കാൻ ആവശ്യമായ കഴിവുകൾ കുട്ടികൾക്കു പകർന്ന് നൽകേണ്ടതും കാലഘട്ടത്തിന്റെ അടിയന്തിര ആവശ്യമാണ്.

പുസ്‌തകപഠനത്തിന് പുറമെ പൂന്തോട്ടപരിപാലനം, മാലിന്യങ്ങൾ നീക്കം ചെയ്യൽ, പാചകം, ചെറിയ മരപ്പണി എന്നിവയുൾപ്പെടെ പ്രായത്തിന് അനുയോജ്യമായ ശാരീരിക പ്രവർത്തനങ്ങളും ഈ കഴിവുകളിൽ ഉൾപ്പെടുന്നു. ഇതുകൊണ്ടു രണ്ടുഗുണങ്ങൾ ഉണ്ട്.

ഒന്ന്, ഈ പ്രവർത്തനങ്ങൾ അവരെ അധ്വാനത്തിന്റെ അന്തസ്സിനെക്കുറിച്ച് പഠിപ്പിക്കുകയും ഈ ജോലികളിൽ നിന്ന് ഉപജീവനം നടത്തുന്ന മറ്റുള്ളവരോട് ബഹുമാനം വർധിപ്പിക്കുകയും ചെയ്യുന്നു. രണ്ട്, സ്വയം ഇത്തരം ജോലികൾ ചെയ്യുമ്പോൾ ചെറിയ വെല്ലുവിളികൾ നേരിട്ടേക്കാം. അതിനെ മറികടക്കാനുള്ള സൃഷ്ടിപരമായ വഴികളെക്കുറിച്ച് ചിന്തിക്കാൻ അത് അവരെ പ്രേരിപ്പിക്കുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുറത്തിറക്കിയ ‘Kerala Perspective Plan 2030’ ന്റെ ഒരു സ്തംഭമായ സംരംഭകത്വത്തിന്റെ മനോഭാവം ഇവിടെ സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ ബ്യൂറോക്രാറ്റിക് വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവർത്തനം ചെയ്യാൻ വർഷങ്ങൾ എടുക്കുമായിരിക്കും.

എന്നാൽ, അതിന്റെ അടിത്തറയിൽ നിന്ന് തന്നെ മാറിതുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാസമ്പന്നരായ തൊഴിൽരഹിതരെ സൃഷ്ടിക്കുന്നതിനുപകരം, സംരംഭകത്വത്തോടുകൂടിയ കരിയറുകൾ കെട്ടിപ്പടുക്കുന്ന, സർഗാത്മകരായ, ഒരു ജനതയെ ആണ് ഈനാടിനാവശ്യം.

കുറഞ്ഞ ബജറ്റിൽ സംരംഭങ്ങൾ ആരംഭിക്കാനും ഘട്ടം ഘട്ടമായി വികസിപ്പിക്കാനും കുട്ടികളെ സജ്ജമാക്കുന്ന നിരവധി മാർഗ്ഗങ്ങൾ പണ്ഡിതന്മാർ ആവിഷ്കരിച്ചിട്ടുണ്ട്. സ്വയംതൊഴിൽ കണ്ടെത്താനും മറ്റുള്ളവർക്ക് ജോലിനൽകാനും നമ്മുടെ കുട്ടികളെ നമുക്ക് പ്രാപ്‌തരാക്കാം. അങ്ങനെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളെമാത്രം ആശ്രയിച്ചു പഠിക്കുന്നത് കുറയ്ക്കാം.