
ചാന്ദ്ര ഗവേഷണത്തിൽ പുതിയ കണ്ടെത്തൽ. ചന്ദ്രന്‍റെ ഉപരിതലത്തിനടിയിൽ പ്രവേശിക്കാൻ കഴിയുന്ന ഗുഹ കണ്ടെത്തി. ഇത് ഭാവിയിൽ മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
അപ്പോളോ 11 ലാൻഡ് ചെയ്ത സ്ഥലത്തിന് സമീപമാണ് ഈ ഗുഹയുള്ളത്. 55 വർഷം മുമ്പ് നീൽ ആംസ്ട്രോങ് ഇറങ്ങിയ സ്ഥലത്ത് നിന്ന് 250 മൈൽ (400 കിലോമീറ്റർ) അകലെയാണ് ഇത്. നേച്ചർ അസ്ട്രോണമി ജേർണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗവേഷകർ നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിന്‍റെ (എൽആർഒ) സഹായത്തോടെ റഡാർ വിശകലനം ചെയ്തു. ചന്ദ്രന്‍റെ കഠിനമായ ഉപരിതല പരിതസ്ഥിതി പോലെയല്ല ഈ ഗുഹയിലേതെന്നാണ് കണ്ടെത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദ്രനിലേക്കുള്ള മനുഷ്യന്‍റെ ദീർഘകാല പര്യവേഷണത്തിന് അനുകൂലമാണ് ഈ സ്ഥലം. ഇതുവരെ കണ്ടെത്തിയിട്ടുള്ള ചന്ദ്രനിലെ ഏറ്റവും വലിയ കുഴിയിൽ നിന്നാണ് ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയുക. പ്രശാന്ത സമുദ്രം എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ കുഴിയുള്ളത്.
ലാവ ട്യൂബ് തകർന്ന് ഈ പ്രദേശത്തുണ്ടായ 200ലധികം കുഴികളിൽ ഒന്നാണിത്. 45 മീറ്റർ വീതിയും 80 മീറ്റർ വരെ നീളവുമാണ് ഈ ഗുഹയ്ക്കുള്ളത്. അതായത് 14 ടെന്നീസ് കോർട്ടുകൾക്ക് തുല്യമായ പ്രദേശം. ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ താഴെയാണ് ഗുഹ സ്ഥിതി ചെയ്യുന്നത്.
ഇറ്റലിയിലെ ട്രെന്‍റോ സർവകലാശാലയിലെ ലോറെൻസോ ബ്രൂസോൺ പറയുന്നത് ഈ ഗുഹ ശൂന്യമായ ലാവ ട്യൂബ് ആണെന്നാണ്. ചന്ദ്രനിൽ സ്ഥിരമായ ഒരു കേന്ദ്രം സ്ഥാപിക്കാൻ നാസ ലക്ഷ്യമിടുന്നുണ്ട്. ചൈനയും റഷ്യയും ചാന്ദ്ര ഗവേഷണ ഔട്ട്‌പോസ്റ്റുകൾ തുടങ്ങാനുള്ള താൽപ്പര്യം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷേ കോസ്മിക് വികിരണങ്ങൾ ഏൽക്കാത്ത പരിതസ്ഥിതിയിൽ മാത്രമേ സ്ഥിരമായ ബേസ് ചന്ദ്രനിൽ സ്ഥാപിക്കാൻ കഴിയൂ. ഇപ്പോൾ കണ്ടെത്തിയ ഗുഹ പോലുള്ള സ്ഥലങ്ങൾ ബഹിരാകാശ യാത്രികരെ അപകടകരമായ കോസ്മിക് കിരണങ്ങൾ, സൗരവികിരണം, തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കും. അതിനാൽ അത്തരം ഗുഹകൾ ബഹിരാകാശ യാത്രികരെ സംബന്ധിച്ച് ഒരു അടിയന്തര ചാന്ദ്ര അഭയ കേന്ദ്രമായി രൂപപ്പെട്ടേക്കാം.