
കോട്ടയം: നമ്മുടെ ശരീരവുമായി ഏറ്റവും ഇഴുകി ചേർന്ന് നില്‍ക്കുന്നത് നാം ധരിക്കുന്ന അടിവസ്ത്രങ്ങള്‍ തന്നെയാണ്.
പുറമെ നാം ധരിക്കാറുള്ള വസ്ത്രങ്ങള്‍ എത്ര മികച്ചതും വില കൂടിയതും ആണെങ്കിലും കാര്യമില്ല, വിയർപ്പ്, ബാക്ടീരിയ, ചർമത്തിലെ മൃതകോശങ്ങള്‍, ഗന്ധം ഇവയെല്ലാമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നത് അടിവസ്ത്രങ്ങളുമായാണ്.
അതിനാല്‍ എപ്പോഴും വൃത്തിയുള്ളതും ശരീരത്തിന് യോജിക്കുന്നതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പതിവായി അടിവസ്ത്രങ്ങള്‍ കഴുകും എന്നതുകൊണ്ട് കാര്യമില്ല. മോശമായി പോയ അടിവസ്ത്രങ്ങള്‍ കളയാതെ വീണ്ടും ഉപയോഗിക്കുന്നതും അത്ര നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു അടിവസ്ത്രം എത്ര നാള്‍ വരെ ഉപയോഗിക്കാം?
അടിവസ്ത്രങ്ങള്‍ ഓരോ 6 മുതല്‍ 12 മാസം വരെയുള്ള കാലയളവില്‍ മാറ്റണം. കാലം കഴിയുന്തോറും അവ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും പ്രജനനകേന്ദ്രമായി മാറുന്നു. ദിവസവും കഴുകിയാലും ഇതിന് മാറ്റമുണ്ടാവില്ല. പഴയതും ശരിയായി വൃത്തിയാക്കാത്തതുമായ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് ചർമത്തില്‍ അസ്വസ്ഥത, അണുബാധ, ചൊറിച്ചില്‍ മറ്റ് നിരവധി ഹൈജീൻ പ്രശ്നങ്ങള്‍ ഇവയ്ക്ക് കാരണമാകും.
അതുകൊണ്ടു തന്നെ പതിവായി കഴുകേണ്ടതും കൃത്യമായ ഇടവേളകളില്‍ മാറ്റേണ്ടതും ആരോഗ്യത്തിന് പ്രധാനമാണ്. ദിവസവും കഴുകിയതുകൊണ്ട് മാത്രം കാര്യമില്ല. ഇടയ്ക്കിടെ വൃത്തിയാക്കിയാലും അതിസൂക്ഷ്മ ദ്വാരങ്ങള്‍ തുണിയുടെ ഫൈബറുകളില്‍ രൂപപ്പെടും. വളരെ ചെറിയ ഈ സുഷിരങ്ങളില്‍ ബാക്ടീരിയ, ഫംഗസ്, ചർമത്തിലെ മൃതകോശങ്ങള്‍, ശരീരസ്രവങ്ങള്‍ ഇവയെല്ലാം കുടുങ്ങും. ഇവ നനയ്ക്കുന്നതുകൊണ്ട് പൂർണമായും മാറുന്നില്ല. ഇവയെല്ലാം വൃത്തിഹീനമാണെന്നു മാത്രമല്ല, തുടർച്ചയായി ഗന്ധം വരാനും ചർമത്തിലെ അണുബാധകള്‍ക്കും അലർജികള്‍ക്കും ഉള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
പഴയ അടിവസ്ത്രങ്ങള്‍ മാറ്റി പുതിയത് വാങ്ങാൻ സമയമായി എന്ന് എങ്ങനെ തിരിച്ചറിയാം?
അടിവസ്ത്രങ്ങള്‍ മാറ്റാൻ സമയമായോ എന്ന് ഈ അഞ്ച് ലക്ഷണങ്ങള്‍ പറയും.
1. ഇലാസ്റ്റിസിറ്റി നഷ്ടമാകുമ്പോള്‍
അടിവസ്ത്രങ്ങള്‍ അയയുമ്പോള്‍, ശരിയായ സപ്പോർട്ട് നല്‍കാതാകുമ്ബോള്‍, പ്രത്യേകിച്ച് ബ്രാകള്‍ മാറ്റാൻ സമയമായി എന്നർഥം.
2. തുണിയുടെ കനം കുറയുകയോ ദ്വാരം വീഴുകയോ ചെയ്താല്‍ ഈ സ്ഥലങ്ങളില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുകയും നന്നായി വൃത്തിയാക്കാൻ സാധിക്കാതെ വരികയും ചെയ്യും
3. മാറാത്ത കറകള്‍ കഴുകിയിട്ടും പോകാത്ത രക്തക്കറകള്‍, ശരീരസ്രവങ്ങളുടെ കറകള്‍ ഇവയില്‍ ബാക്ടീരിയകള്‍ അടിഞ്ഞു കൂടും.
4. തുടർച്ചയായ ദുർഗന്ധം നനച്ചിട്ടും നീണ്ടു നില്‍ക്കുന്ന ഗന്ധം ബാക്ടീരിയകള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്.
5. നിറം മങ്ങിയാല്‍ തുണി മോശമായി എന്നതിന്റെ ലക്ഷണം കൂടിയാണിത്.
അടിവസ്ത്രങ്ങള്‍ എപ്പോള്‍ മാറ്റണം?
ദിവസവും അടിവസ്ത്രങ്ങള്‍ മാറ്റണം എന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നു. വ്യായാമം ചെയ്തിട്ടോ ചൂട് കൊണ്ടോ കൂടുതല്‍ വിയർക്കുകയാണെങ്കിലും അടിവസ്ത്രങ്ങള്‍ മാറണം. ചൂടും ഈർപ്പവും പൊടിയും ഉള്ള കാലാവസ്ഥയില്‍ ദിവസം രണ്ടു നേരം അടിവസ്ത്രങ്ങള്‍ മാറ്റണമെന്ന് മയോക്ലിനിക്ക് നിർദേശിക്കുന്നു. ഈർപ്പം, ശരീരത്തിന്റെ ചൂട്, ഫ്രിക്ഷൻ ഇവയെല്ലാം സൂക്ഷ്മ ജീവികളുെടെ വളർച്ചയ്ക്ക് കാരണമാകുന്നു. ഒരു ദിവസത്തിലധികം ഒരേ അടിവസ്ത്രം ധരിക്കുന്നത് വിയർപ്പും ചർമത്തിലെ എണ്ണമയവും അന്തരീക്ഷത്തിലെ മലിനവസ്തുക്കളും അതില്‍ കലരാനും ഫംഗല്‍ ബാക്ടീരിയല്‍ അണുബാധകള്‍ക്കും കാരണമാകും.
ഏത് തുണിയാണ് മികച്ചത്?
അടിവസ്ത്രങ്ങള്‍ നിർമിക്കാൻ നാച്വറല്‍ ആയ കോട്ടണ്‍ തുണിയാണ് നല്ലത് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നു. യീസ്റ്റ് ഇന്‍ഫക്ഷനുകളും ബാക്ടീരിയല്‍ അണുബാധകളും വരാനുള്ള സാധ്യത കോട്ടണ്‍ അഥവാ പരുത്തി വസ്ത്രങ്ങള്‍ കുറയ്ക്കുന്നു. ചർമത്തെ ഡ്രൈ ആക്കി വയ്ക്കാനും വായുസഞ്ചാരം ഉണ്ടാകാനും ഇത് സഹായിക്കും. എന്നാല്‍ സിന്തറ്റിക് തുണിത്തരങ്ങള്‍ ഈര്‍പ്പം നില നിർത്തുകയും അസ്വസ്ഥതയും അലർജിയും ഉണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ചെറിയ ശീലമാണെങ്കിലും ശുചിത്വം നിലനിർത്തേണ്ടത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.