
യൂഎൻഎ അഴിമതിക്കേസ് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്
സ്വന്തം ലേഖിക
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അഴിമതിക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ആരോപണ വിധേയനായ ജാസ്മിൻ ഷാ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം നിർദേശിച്ചത്. പ്രത്യേക അന്വേഷണ സംഘം വേണമെന്നും നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി ക്രൈം എഡിജിപിയ്ക്കാണ് നിർദേശം നൽകിയത്.
നഴ്സുമാരിൽ നിന്നും പിരിച്ച മൂന്നരക്കോടി തട്ടിയെന്നാണ് ആരോപണം വൻ വിവാദമാണ് ഉയർത്തിയത്. നഴ്സുമാരിൽ നിന്നും പിരിച്ച മാസവരിസംഖ്യ ഉൾപ്പെടെയുള്ള തുക ഭാരവാഹികൾ തട്ടിയെടുത്ത് എന്നാരോപിച്ച് മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. മാസവരി ഇനത്തിലും സമരങ്ങൾക്ക് സംഭാവനയായും പിരിഞ്ഞു കിട്ടിയ തുക മുഴുവനും സ്വകാര്യ ആവശ്യങ്ങൾക്കായി ചെലവിട്ടു എന്നും പലരുടേയും അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നും ഇനി അതിൽ എട്ടു ലക്ഷം രൂപ മാത്രമേ ബാക്കിയുള്ളെന്നും സിബി ആരോപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്സ്മാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സമരങ്ങളുടെ മുന്നണിയിൽ നിൽക്കുന്ന സംഘടനയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. മാസവരി നൽകുന്ന 8000 ൽ പരം അംഗങ്ങൾ സംഘടനയിൽ ഉണ്ടായിരുന്നു. ആരോപണം ഉയർന്നപ്പോൾ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണെന്നായിരുന്നു ജാസ്മിൻഷാ അടക്കമുള്ളവർ അന്ന് പ്രതികരിച്ചത്.