
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ ഉമാ തോമസ് എംഎല്‍എ ക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ആരംഭിച്ചത്. ‘കല്ലൂര്‍ സ്റ്റേഡിയത്തില്‍ വീണപ്പോള്‍ ഉമാ തോമസ് ചത്താല്‍ മതിയായിരുന്നു’ എന്നതുപോലുള്ള അശ്ലീലവും അപമാനകരവുമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയിലും വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും ഉയരുന്നത്. രാഹുല്‍-ഷാഫി അനുകൂലികളാണ് ഈ ആക്രമണങ്ങൾക്ക് പിന്നില്‍ ഉള്ളതെന്നാണ് സൂചന.
യൂത്ത് കോണ്‍ഗ്രസ് എന്ന പേരിലുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പിലും ഉമാ തോമസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുമാണ് അധിക്ഷേപം. ‘അതെ ഓരോ പട്ടികള്‍… അന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു,’ എന്നാണ് വാട്സ്‌ആപ്പ് ഗ്രൂപ്പിലെ ഒരു പ്രതികരണം. ജെബി മേത്തർ എംപിയുടെ നിലപാട് ന്യായമാണെന്നും രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നത് വരെ ഉമാ തോമസിന് വായടച്ച് ഇരുന്നാല്‍ എന്താണെന്നും പ്രതികരണങ്ങൾ ഉയരുന്നു.
‘ദേ തള്ളേ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോളണം. കോലും നീട്ടിപ്പിടിച്ചവർക്ക് നേരെ വായ തുറക്കാൻ നില്‍ക്കരുത്, നിങ്ങള്‍ പിടിച്ചു പുറത്താക്കാൻ പറഞ്ഞാല്‍ ഉടനെ അത് കേള്‍ക്കാൻ പാർട്ടി എന്റെയും നിങ്ങളുടെയും തറവാട്ടു സ്വത്തല്ല’ തുടങ്ങിയ അതിക്ഷേപ കമന്റുകളും ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഉയരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ രാഹുല്‍ രാജിവെച്ച് മാറിനില്‍ക്കണമെന്നാണ് ഉമാ തോമസ് എംഎല്‍എ മാധ്യമങ്ങളോട് ഉറച്ച് പ്രതികരിച്ചത്. പദവികള്‍ ജനങ്ങള്‍ തെരഞ്ഞെടുത്തതുകൊണ്ടാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഉപരി മനുഷ്യൻ എന്ന ഒരു യാഥാർഥ്യമുണ്ട്. ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം, ബഹുമാനിക്കണം എന്നതെല്ലാം അറിഞ്ഞിരിക്കണമെന്നും ഉമാ തോമസ് പറഞ്ഞിരുന്നു. പാർട്ടിയില്‍ ഇങ്ങനെയൊരാള്‍ വേണ്ടെന്നും രാഹുല്‍ ഇതുവരെ ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാത്തതുകൊണ്ട് തന്നെ ആരോപണങ്ങളെല്ലാം ശരിയാണെന്ന് അനുമാനിക്കേണ്ടി വരുമെന്നും ഉമാ തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഉമാ തോമസിനെതിരെ രാഹുല്‍-ഷാഫി അനുകൂലികള്‍ തലപൊക്കി വരുന്നത്.