
വെയിൽസ്:യുകെയിൽ കോട്ടയം സ്വദേശിയായ യുവാവിനെ വീടിന് മുന്നിൽ നായ്ക്കൾ ആക്രമിച്ചു. ആക്രമണത്തിൽ നിന്ന് യുവാവിന്റെ ജീവനോടെ രക്ഷപ്പെട്ടത് സാഹസികമായാണ് എന്നാണ് സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചന.
വെയിൽസിലെ റെക്സ്ഹാമിലാണ് ‘ബുൾഡോഗ്’ ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളുടെ ആക്രമണം യുവാവിന് നേരെ ഉണ്ടായത്. തുടലില്ലാത്ത നിലയിൽ ഉടമയായ സ്ത്രീയുടെ സമീപത്ത് നിൽക്കുകയായിരുന്ന നായ്ക്കൾ അതുവഴി പോയ സൈക്കിൾ യാത്രക്കാരനായ ഒരാളെ ആക്രമിച്ച ശേഷമാണ് യുവാവിനെ ആക്രമിച്ചത്.
വീടിന് സമീപമുള്ള മറ്റൊരു വീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരവേ രാത്രി 11 മണിയോടെ നായ്ക്കൾ ആക്രമിച്ചത്. ഏകദേശം ഇരുപതോളം വീടുകൾ നിൽക്കുന്ന പ്രദേശത്ത് നായ്ക്കളുമായി രാത്രിയിൽ നടക്കാൻ ഇറങ്ങിയതാണ് ഉടമയായ സ്ത്രീയും പങ്കാളിയും എന്നാണ് വിവരം. യാതൊരു പ്രകോപനവുമില്ലാതെ സ്വന്തം വീട്ടിലേക്ക് നടന്നു വന്ന യുവാവിനെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണമുണ്ടായ ഉടനെ വീടിന് ഉള്ളിലേക്ക് ചാടിക്കയറിയ യുവാവിനെ നായ്ക്ക്കൾ പിന്തുടർന്ന് ആക്രമിച്ചു.
എന്നാൽ വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്താൻ യുവാവിന് കഴിഞ്ഞു. നെഞ്ച്, വയറ്, കൈകാലുകൾ, തലയുടെ ഇടതു ഭാഗം എന്നിവിടങ്ങളിൽ പരുക്കേറ്റ യുവാവ് ഉടൻ തന്നെ പൊലീസിന്റെ സഹായം തേടി. 20 മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്ത് എത്തിയ പൊലീസും ആംബുലൻസ് സർവീസും യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.
ആക്രമണം നടന്ന ഉടനെ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട നായ്ക്കളുടെ ഉടമയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. നായ്ക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നായ്ക്കളെ കൊന്നുകളയുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പൊലീസ് പരിഗണനയിലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് വർഷം മുൻപ് യുകെയിൽ എത്തിയ കോട്ടയം സ്വദേശിയായ യുവാവ് ഒരു മാസം മുൻപാണ് ഇംഗ്ലണ്ടിൽ നിന്നും വെയിൽസിലേക്ക് താമസം മാറുന്നത്.