ജുബല്‍ ഇനി അനേകരിലൂടെ ജീവിക്കും….! യുകെയിൽ ബോക്‌സിങ് റിങ്ങില്‍ വെച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച കോട്ടയം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്തു; യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ഇത് അഭിമാന നിമിഷം
സ്വന്തം ലേഖകൻ
കോട്ടയം: യുകെയിൽ ബോക്‌സിങ് റിങ്ങില്‍ വച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച മലയാളി വിദ്യാർത്ഥി കോട്ടയം കണ്ടംചിറയിൽ ജുബല്‍ റെജി കുര്യന്റെ എല്ലാ അവയവങ്ങളും മാതാപിതാക്കൾ ദാനം ചെയ്തതിലൂടെ ജുബല്‍ അനേകരിലൂടെ ജീവിക്കും.
യുകെയിലുള്ള ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനം ആയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയില്‍ കായിക വ്യായാമ വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന ജുബല്‍ റെജി കുര്യൻ മാർച്ച് 25 ശനിയാഴ്ച ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട ബോക്‌സിങ് മത്സരത്തില്‍ റിങ്ങില്‍ ഉണ്ടായ അപകടത്തില്‍ തലയിടിച്ചു വീണാണ് ഗുരുതരമായ പരുക്കേറ്റത്.
പരിശീലനം ലഭിച്ച അമേച്ചർ ബോക്സർ ആയിരുന്ന ജുബല്‍ ബോക്‌സിങ് മത്സരത്തില്‍ ആദ്യ രണ്ടു റൗണ്ടില്‍ വിജയിചിരുന്നു. മൂന്നാം റൗണ്ടിലാണ് മരണ കാരണമാകുന്ന പരുക്കിന് വിധേയനാകുന്നത്.
മാർച്ച് 29 ബുധനാഴ്ച്ച ജുബലിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ചെറുപ്രായത്തില്‍ പൂർണ്ണ ആരോഗ്യവാനായി മരിച്ച ജുബലിന്റെ എല്ലാ അവയവങ്ങളും മറ്റനേകര്‍ക്ക് പുതു ജീവന്‍ നല്‍കും എന്നത് കൊണ്ടും തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്ന ജുബലിനെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും അവന്റെ ഇനിയും ജീവിച്ചിരിക്കുന്ന അവയവങ്ങളും അവ സ്വീകരിച്ചു പുതു ജീവിതത്തിലേക്ക് കടക്കുന്ന മനുഷ്യരെ കുറിച്ചുള്ള ഓര്‍മ്മകളും കൂടെയുണ്ടാകും.
അബുദാബിയിൽ തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥനായ കോട്ടയം കണ്ടംചിറയിൽ റെജി കുര്യന്റെയും സൂസൻ റെജിയുടെയും രണ്ടാമത്തെ മകനാണ്. സ്റ്റേസി മിറിയം കുര്യനും ജബൽ റെജി കുര്യനുമാണ് സഹോദരങ്ങൾ.
യുകെയിലെ നടപടിക്രമങ്ങൾ കഴിഞ്ഞു കോട്ടയം വടവാതൂർ ഗുഡ് എർത്ത് വില്ലയിൽ ഉള്ള വീട്ടിൽ ഭൗതീക ശരീരം എത്തിക്കും. ഇടവക പള്ളിയായ കോട്ടയം മാർ ഏലിയാ കത്തീഡ്രലിലെ സെന്റ് ലാസറസ് സെമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.