
നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കുവാനെത്തിയ പിതാവ് നോർവിച്ചിൽ മരിച്ചു.
നോർവിച്ചിൽ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്‌ജു, അനൂപ് സേവ്യർ എന്നിവരുടെ പിതാവായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി, 73) ആണ് മരിച്ചത്. കോട്ടയം തുരുത്തി സ്വദേശിയായ പരേതൻ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മർത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗമാണ്. അന്ത്യോപചാര കർമ്മങ്ങളും സംസ്കാരവും പിന്നീട് നോർവിച്ചിൽ നടത്തുന്നതാണ് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
മകൻ അനൂപിന്റെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കുചേരുവാനുള്ള അതിയായ ആഗ്രഹത്തോടെയാണ് സേവ്യർ നോർവിച്ചിൽ എത്തിയത്. യുകെയിൽ എത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയെങ്കിലും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാൻ സാധിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സേവ്യറിന്റെ ആഗ്രഹപ്രകാരം കൂദാശകൾ മുൻ നിശ്ചയപ്രകാരമല്ലാതെ മറ്റൊരു ദിവസം ലളിതമായി നടത്താനും അതിൽ പങ്കെടുക്കാനും അനുഗ്രഹങ്ങൾ നേരുവാനും സേവ്യറിന് സാധിച്ചു. ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും സേവ്യർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നോർവിച്ച് സെന്റ് തോമസ് സിറോ മലബാർ മിഷൻ പ്രീസ്റ്റ് ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യകൂദാശ നൽകുകയും വിവിധ ദിവസങ്ങളിൽ സന്ദർശിച്ച് പ്രാർഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും രോഗിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് പ്രാർഥനകൾ നേർന്നു.