യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍: എന്നാല്‍, മുന്നണി ധാരണപ്രകാരം പദവി ലഭിക്കുകയാണെങ്കില്‍ അത് നിരസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

കോഴിക്കോട്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
എന്നാല്‍, മുന്നണി ധാരണപ്രകാരം പദവി ലഭിക്കുകയാണെങ്കില്‍ അത് നിരസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

video
play-sharp-fill

പാര്‍ട്ടിക്കുള്ളില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുകയെന്നും ലീഗ് നേതൃത്വം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുന്നണി ധാരണയുടെ ഭാഗമായി ലഭിക്കുന്ന പദവികള്‍ നിരസിക്കേണ്ടതില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് 27 സീറ്റുകളിലാണ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇത്തവണത്തേതെന്നും യുഡിഎഫിന്റെ കെട്ടുറപ്പ് വിജയത്തില്‍ നിര്‍ണായകമാകുമെന്നും തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണമാറ്റത്തിനായുള്ള ജനവികാരം സംസ്ഥാനത്ത് ശക്തമാണെന്നും നാല് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഇത് പ്രകടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തിരഞ്ഞെടുപ്പില്‍ എക്കാലത്തും ഇടതുപക്ഷത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇത്തവണയുണ്ടായ മാറ്റം, സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതിന്റെ വ്യക്തമായ തെളിവാണെന്നും സാദിഖലി തങ്ങള്‍ നിരീക്ഷിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയതായി തങ്ങള്‍ വെളിപ്പെടുത്തി. നിയമസഭയ്ക്കകത്തും പുറത്തുമുള്ള എംഎല്‍എമാരുടെ പ്രകടനം, മണ്ഡലത്തില്‍ അവരെക്കുറിച്ചുള്ള അഭിപ്രായം എന്നിവയില്‍ കൃത്യമായ പഠനം നടത്തിയ ശേഷമാണ് ഇത്തവണ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.

സിറ്റിങ് സീറ്റുകളല്ലാത്ത മണ്ഡലങ്ങളില്‍ വിജയസാധ്യത സംബന്ധിച്ച്‌ വിശദമായ സര്‍വേയും നടത്തി. സമയബന്ധിതവും കൃത്യവുമായ മുന്നൊരുക്കങ്ങളോടെയായിരുന്നു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന എംഎല്‍എമാരുടെ പ്രകടനം പാര്‍ട്ടി നിരന്തരം നിരീക്ഷിക്കുമെന്ന് എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.