
കോട്ടയം: യു.ഡി.എഫില്‍ ആളിക്കത്തി പേയ്മെൻ്റ് സീറ്റ് വിവാദം.
കടുത്തുരുത്തിയില്‍ മോൻസ് ജോസഫും കുട്ടനാട്ടില്‍ റെജി ചെറിയാനും തിരിച്ചടി നേരിടേണ്ടി വരുമെന്നു കോണ്‍ഗ്രസ് അണികള്‍.
പേയ്മെൻ്റ് സീറ്റ് വിവാദം ഉയർന്നതു കുട്ടനാട്ടിലാണെങ്കിലും സീറ്റ് വിട്ടു നല്‍കില്ലെന്നു കടുംപിടുത്തം പിടിച്ചതും റെജി ചെറിയാനെ സ്ഥാനാർഥിയാക്കിയതും കടുത്തുരുത്തി സ്ഥാനാർഥി കൂടിയായ മോൻസ് ജോസഫാണ്.
കുട്ടനാട് വിട്ടു നല്‍കിയില്ലെങ്കില്‍ കടുത്തുരുത്തിയില്‍ വന്നു മോൻസിനെതിരെ പ്രചാരണം നടത്തുമെന്നു കുട്ടനാട്ടിലെ പ്രവർത്തകർ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലവില്‍ കുട്ടനാട്ടില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന സജി ജോസഫിൻ്റെ പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് പ്രവർത്തകർ ഐക്യപ്പെടുകയാണ്.
കോണ്‍ഗ്രസിനു വേണ്ടി സമരം നടത്തി പിണയായി പോലീസിൻ്റെ അടി കൊണ്ട് തല പൊട്ടിയത് ഒരു കേരളാ കോണ്‍ഗ്രസുകാരൻ്റെതുമല്ല, സജി ജോസ്ഥിനാണ്.
സഹപ്രവർത്തകരെ പോലീസ് അടിക്കുന്നത് തടയാൻ ശ്രമിച്ചു സ്വയം അടി കൊണ്ടത് സജി ജോസഫാണ്.
സർക്കാരിൻ്റെ അഴിമതിക്കെതിരെ സമരം നടത്തി കോടതി കയറി ഇറങ്ങുന്നതും കുട്ടനാട്ടിലെ സാധാരണ പ്രവർത്തകരാണ്. സമരം നടത്തിയതിൻ്റെ പേരില്‍ കേസുള്ള
ഒരു കേരളാ കോണ്‍ഗ്രസ് ജോസഫുകാരനെയെങ്കിലും ചൂണ്ടിക്കാണിക്കാമോ എന്നു കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു.
ഇതിനോടകം നിരവധി പേരാണ് സജിക്ക് ആശംസകള്‍ അർപ്പിച്ചു രംഗത്തുവന്നത്.
വിജയ സാധ്യതകള്‍ പരിഗണിക്കാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ണു തുറപ്പിക്കുന്നതാണ് കുട്ടനാട്ടിലെ സംഭവ വികാസങ്ങള്‍.
ഏറ്റുമാനൂർ, ഇടുക്കി സീറ്റുകള്‍ക്കൊപ്പം ചങ്ങനാശേരി, കുട്ടനാട് സീറ്റുകള്‍ ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കെപിസിസിയെ അറിയിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ കൈവശം ഉള്ള സീറ്റില്‍ താൻ സ്ഥാനാർഥിയാകുമെന്ന ഉറപ്പില്‍ കേരളാ കോണ്‍ഗ്രസില്‍ അടുത്തിടെ ചേർന്ന വ്യവസായി റെജി ചെറിയാൻ പ്രവർത്തനം ആരംഭിച്ചത് മുന്നില്‍ കണ്ടാണ് വിഷയം ഗൗരവമായി തന്നെ പരിഗണിക്കണമെന്ന ആവശ്യം ബ്ലോക്ക് കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, സീറ്റുകള്‍ ഏറ്റെടുക്കുന്നത് ഏറ്റുമാനൂർ ഇടുക്കി മണ്ഡലങ്ങള്‍ മത്രമായി ഒരുങ്ങി. മോൻസ് ജോസഫാണ് കുട്ടനാട് സീറ്റിനു വേണ്ടി കടുത്ത നിലപാട് സ്വീകരിച്ചത്.
പി.ജെ ജോസഫിനെ അനുനയിപ്പിച്ചു പാർട്ടിയുടെ കോട്ടയായ ഇടുക്കി സീറ്റ് നല്‍കാമെന്ന ഡീല്‍ ഉണ്ടാക്കിയതും മോൻസിൻ്റെ നേതൃത്വത്തിലാണ്.
വിശാല കേരളാ കോണ്‍ഗ്രസ് ഉണ്ടായിരുന്ന കാലത്താണ് കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്നത്. എന്നാല്‍, പ്രബല വിഭാഗമായ കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലേക്ക് പോയിട്ടും കഴിഞ്ഞ തവണ പത്തു സീറ്റുകള്‍ ജോസഫ് ഗ്രൂപ്പിന് നല്‍കി.
എന്നാല്‍, വിജയം രണ്ടു സീറ്റില്‍ മത്രമായി ഒതുങ്ങി. ഇക്കുറി അത് ഒരു സീറ്റിലേക്ക് ചുരുങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു. മോൻസിൻ്റെ പ്രചാരണത്തിലെ ജനപങ്കാളിത്തം കുറഞ്ഞത് കോണ്‍ഗ്രസ് പ്രവർത്തകർ വിട്ടു നില്‍ക്കുന്നത് കൊണ്ടാണെന്നാണ് ആക്ഷേപം.
നിലവിലെ സാഹചര്യങ്ങള്‍ യു.ഡി.എഫിൻ്റെ വിജയ സാധ്യതയെ തന്നെ ബാധിക്കുന്ന തരത്തിലാണ്. കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ കാണിച്ച അലംഭാവത്തിനാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത് എന്നും പ്രവർത്തകർ പറയുന്നു



