നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തെ ചൊല്ലി യു.ഡി.എഫിനുള്ളിൽ തർക്കം;കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി മണ്ഡലത്തിൽ വേണമെന്ന് കോൺഗ്രസ്;പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തീരുമാനം നിർണായകം

Spread the love

കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിനായി കോൺഗ്രസ് പിടിമുറുക്കിയതോടെ യു.ഡി.എഫിനുള്ളിൽ ഭിന്നത. ജയസാദ്ധ്യത പരിഗണിച്ച് ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പ്രസ്താവന കൺവീനറും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ എം.ജെ. ജേക്കബ് തള്ളിയതോടെയാണ് തർക്കം മറനീക്കി പുറത്തുവന്നത്.

video
play-sharp-fill

ഇടുക്കി മണ്ഡലത്തിൽ ജയിക്കാൻ സാദ്ധ്യത കൂടുതൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കാണെന്നുള്ളതുകൊണ്ട് സീറ്റ് കോൺഗ്രസിന് കിട്ടണമെന്ന ആവശ്യം കെ.പി.സി.സി നേതൃത്വത്തോട് ജില്ലാ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം ജോയി വെട്ടിക്കുഴി പറഞ്ഞത്.

അതേസമയം കേരള കോൺഗ്രസ് ഒരു സീറ്റും വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജോയി വെട്ടിക്കുഴി ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നുമായിരുന്നു എം.ജെ. ജേക്കബിന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തും കോൺഗ്രസ് ഒറ്റയ്ക്കാണ് ഭരിക്കുന്നതെന്നും വെട്ടിക്കുഴി പറഞ്ഞിരുന്നു. ഇത് കൂടുതൽ സീറ്റിൽ കോൺഗ്രസ് മത്സരിച്ചതുകൊണ്ടാണെന്നും വിജയം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും എം.ജെ. ജേക്കബ് പറഞ്ഞു.

കേരളാ കോൺഗ്രസ് മാണി-ജോസഫ് വിഭാഗങ്ങൾ നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമാണ് ഇത്തവണ കോൺഗ്രസ് കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നത്. സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ തന്നെ ഇത്തവണയും ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലത്തിൽ രംഗത്തിറങ്ങുമെന്നാണ് സൂചനകൾ.

കഴിഞ്ഞ തവണ റോഷിയെ പരാജയപ്പെടുത്താൻ ജോസഫ് വിഭാഗത്തിന് കഴിയാതെ വന്നതിനാൽ ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി ഇടുക്കി മണ്ഡലത്തിൽ വേണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തീരുമാനം നിർണായകമാകുമെന്നാണ് കരുതുന്നത്.

അതേസമയം ഇടുക്കി മണ്ഡലം വിട്ടുകൊടുക്കുന്നതിനോട് ജോസഫ് വിഭാഗം യോജിക്കാൻ സാധ്യതയില്ല. നിലവിൽ ഇത്തരം ചർച്ചകൾക്ക് സാഹചര്യമില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതികരണം.

എന്നാൽ ഇടുക്കി വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ ജോസഫ് വിഭാഗം നേതാക്കളുടെ നിലപാട്.

ഇടുക്കി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും മണ്ഡലത്തിൽ ഉൾപ്പെട്ട കട്ടപ്പന നഗരസഭയിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് നിലവിലുള്ളത്.

ഇതോടൊപ്പം ജില്ലാ പഞ്ചായത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിൽ വൻ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വേണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കുന്നത്. ഇതിനിടെ ഇടുക്കി മണ്ഡലത്തിൽ സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് വിദഗ്ദ സംഘത്തെ നിയോഗിച്ച് സർവേ പൂർത്തിയാക്കിയതായും വിവരമുണ്ട്.

രണ്ടോ മൂന്നോ പേരുടെ പേരുകൾ സർവേ സംഘം സംസ്ഥാന നേതൃത്വത്തിനു നൽകിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇടുക്കി മണ്ഡലം കോൺഗ്രസ് ഏറ്റെടുത്താൽ ജോസഫ് വിഭാഗത്തിന് പകരം ഏത് സീറ്റ് നൽകുമെന്നതും ആശയക്കുഴപ്പമാണ്.