
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരികെ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മികച്ച വിജയ പ്രതീക്ഷയാണുള്ളത്. ഏറ്റവും മികച്ച പോളിങ് ശതമാനം ഇത്തവണ രേഖപ്പെടുത്തി. വിദേശത്ത് നിന്നുള്ള ആളുകൾ കൂടി വന്നിരുന്നെങ്കിൽ കൂടുതൽ വർദ്ധിക്കുമായിരുന്നു. യുഡിഎഫ് നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു. പിണങ്ങിപ്പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു. ദളിത് സംഘടനകൾ, പിന്നോക്ക വിഭാഗം എന്നവരൊക്കെ യുഡിഎഫിനേ പിന്തുണച്ചിട്ടുണ്ട് എന്നും വിഡി സതീശൻ വ്യക്തമാക്കി.
എന്റെ ആത്മവിശ്വാസത്തിന് ഒരു രാഷ്ട്രീയമായ അടിത്തറയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വിജയം, പ്രവർത്തനം, സംഘടനാ ശക്തി എന്നിവയൊക്കെയാണ് ആത്മവിശ്വാസമെന്ന് വിഡി സതീശൻ പറഞ്ഞു. എറണാകുളം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഒരു ക്ലീൻ സ്വീപ്പ് ഉണ്ടാകും. സർക്കാരിനെതിരായ വികാരമുണ്ട്. സർക്കാരിന്റെ പണമെടുത്താണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.


